അടിമാലി താലൂക്കാശുപത്രിക്കായി അനുവദിച്ച കാത്ത് ലാബിൻ്റെ പ്രവർത്തനം തുടങ്ങുവാനുള്ള നടപടികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തം

അടിമാലി : അടിമാലി താലൂക്കാശുപത്രിക്കായി പ്രഖ്യാപിച്ച കാത്ത് ലാബ് യാഥാർത്ഥ്യമാക്കുന്നത് അനന്തമായി നീളുകയാണ്. ചികിത്സക്കായി കാത്ത് ലാബിൻ്റെ സേവനം പ്രയോജനപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ രോഗികൾക്ക് മറ്റാശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി നിലനിൽക്കുന്നു. കാത്ത് ലാബ് യാഥാർത്ഥ്യമാക്കാൻ കെട്ടിട സൗകര്യം ഒരുക്കിയിട്ട് നാളുകൾ ഏറെയായി.എന്നാൽ ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ വേണ്ടവിധം നടക്കുന്നില്ലെന്നാണ് ആക്ഷേപം.സാധാരണക്കാരായ നൂറുകണക്കിനാളുകൾ ചികിത്സ തേടുന്ന ആതുരാലയമെന്ന നിലയിൽ ഇവിടെ ഇനിയും കാലതാമസം വരുത്താതെ കാത്ത് ലാബ് യാഥാർത്ഥ്യമാക്കണമെന്നാണ് ആവശ്യം.
താലൂക്കാശുപത്രിയുടെ ഭാഗമായുള്ള പ്രസവ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിൽ പ്രസവ വാർഡ് ഇവിടെ നിന്നും കാത്ത് ലാബ് യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കം നടക്കുന്നുണ്ട്.താൽക്കാലിക മാറ്റത്തിനാണ് ലക്ഷ്യമിടുന്നതെന്ന് പറയുമ്പോഴും ഈ മാറ്റം കാത്ത് ലാബ് അട്ടിമറിക്കാൻ ഇടയാക്കുമെന്ന വാദവുമുയരുന്നു. അത്യാഹിത വിഭാഗം നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ താൽക്കാലികമായി പ്രസവ വാർഡ് ക്രമീകരിക്കാൻ സ്ഥല സൗകര്യം കണ്ടെത്താമെന്നിരിക്കെ ആ സാധ്യത പ്രസവ വാർഡ് മാറ്റുന്ന കാര്യത്തിൽ പ്രയോജനപ്പെടുത്തണമെന്നും കാത്ത് ലാബ് തുറക്കുന്നതിന് വേണ്ടുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകണമെന്നുമാണ് ആവശ്യം.