
അടിമാലി: അടിമാലി ടൗണിൽ ദേശിയപാതകൾക്ക് നടുവിൽ സ്ഥാപിച്ചിരുന്ന കാലപ്പഴക്കം ചെന്ന ഡിവൈഡറുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. തുരുമ്പെടുത്ത് ദ്രവിച്ച ഇരുമ്പ് ഡിവൈഡറുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി നിലനിന്നിരുന്നു. പഴയ ഡിവൈഡറുകൾ അപകട സാധ്യത ഉയർത്തുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി. അടിമാലി ടൗണിൽ ദേശിയപാത 85 കടന്നു പോകുന്ന സെൻ്റർ ജംഗ്ഷൻ ഭാഗത്തും ദേശിയപാത 185 കടന്നു പോകുന്ന കല്ലാർകുട്ടി റോഡ് കടന്ന് പോകുന്ന ഭാഗത്തുമായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഇരുമ്പ് ഡിവൈഡറുകൾ സ്ഥാപിക്കപ്പെട്ടത്.
സെൻ്റർ ജംഗ്ഷൻ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതിനും വാഹനങ്ങൾ നിരതെറ്റിച്ച് പോകാതിരിക്കുന്നതിനുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നത്. തിരക്കുള്ള ഭാഗമായതിനാൽ കാൽനടയാത്രികർ തോന്നുംപടി റോഡ് മുറിച്ച് കടക്കുന്നത് തടയുന്നതിനും ഡിവൈഡറുകൾ സഹായിച്ചിരുന്നു. കല്ലാർകുട്ടി റോഡിൽ കോൺക്രീറ്റ് ഡിവൈഡറുകൾ നിർമ്മിച്ച് അതിന് മുകളിലായിരുന്നു ഇരുമ്പ് ഡിവൈഡറുകൾ ഉറപ്പിച്ചിരുന്നത്. എന്നാൽ വർഷമേറെ പിന്നിട്ടതോടെ ഈ ഡിവൈഡറുകൾ തുരുമ്പെടുത്തും ദ്രവിച്ചും നശിച്ചു. ചിലത് കാലപ്പഴക്കത്താൽ നിലംപതിച്ചു. മറ്റ് ചിലത് റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന നിലയിലുമായി.
ഇതോടെയാണ് അപകടാവസ്ഥ ഉയർത്തുന്ന ഈ ഡിവൈഡറുകൾ നീക്കം ചെയ്യണമെന്ന ആവശ്യമുയർന്നത്. നടപടി ഉണ്ടാകാതെ വന്നതോടെ പ്രതിഷേധവും ഉയർന്ന് തുടങ്ങിയിരുന്നു. ഇതിന് ശേഷമാണിപ്പോൾ അപകടാവസ്ഥ ഉയർത്തിയിരുന്ന പഴയ ഡിവൈഡറുകൾ നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുള്ളത്. പഴയവ നീക്കുന്നതിനൊപ്പം പുതിയ ഡിവൈഡറുകൾ സ്ഥാപിക്കുകയും ചെയ്യും.ഇതിനായുള്ള ജോലികൾ ആരംഭിച്ചു.വൈകാതെ കാലപ്പഴക്കം ചെന്ന ഇരുമ്പ് ഡിവൈഡറുകൾ ഉയർത്തിയിരുന്ന അപകടാവസ്ഥ ടൗണിൽ നിന്ന് പൂർണ്ണമായി ഒഴിവാകും.