
മാങ്കുളം: കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടമൊരുങ്ങുന്നു. ദേശിയപാതയോരത്ത് താഴത്തെ കല്ലാറിലാണ് കല്ലാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്. 2018ലെ പ്രളയത്തില്‍ ഉണ്ടായിരുന്ന കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ മറ്റൊരിടത്തേക്ക് കുടുംബാരോഗ്യ കേന്ദ്രം മാറ്റി സ്ഥാപിച്ചിരുന്നു. പിന്നീട് പഴയ കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തു. പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്.

ഒരു കോടി അറുപത് ലക്ഷം രൂപയോളം ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത് കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന ആളുകള്‍ക്ക് സഹായകരമാകുമെന്ന് പ്രതിക്ഷിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. നിലവില്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ച് വരുന്നത് പരിമിതമായ സൗകര്യത്തിലാണ്. തോട്ടം മേഖലയില്‍ നിന്നുള്ള നിരവധി കുടുംബങ്ങളടക്കം ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് കല്ലാറിലെ കുടുംബാരോഗ്യ കേന്ദ്രം. ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ചികിത്സാലയത്തെ പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു.
