ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് ഷാജൻ സ്കറിയ തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ച് ആക്രമിക്കപ്പെട്ടത്.
ഷാജൻ സ്കറിയയെ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. മങ്ങാട്ട് കവലയിൽ വെച്ച് വാഹനം തടഞ്ഞിട്ടശേഷം മർദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഷാജൻ സ്കറിയയുടെ പരിക്ക് ഗുരുതരമല്ല.
സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പുറകിൽ സിപിഎമ്മാണെന്നും നിയമപരമായി തന്നെ എതിർക്കാൻ പറ്റാത്തതിനാൽ കായികമായി നേരിടാൻ ആണ് ചിലരുടെ ശ്രമമെന്നും ഷാജൻ സ്കറിയ ആരോപിച്ചു.