ഭാസ്കര ജ്യോതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്; മെഡിക്കല്‍ വാഹനത്തിന്റെ ഉദ്ഘാടനം നടന്നു

അടിമാലി: ദേശിയ സേവാഭാരതി കേരളം നടപ്പിലാക്കുന്ന ഭാസ്കര ജ്യോതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഭാഗമായുള്ള മെഡിക്കല്‍ വാഹനത്തിന്റെ ഉദ്ഘാടനം അടിമാലിയില്‍ നടന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകിച്ച്, ആദിവാസി ഇടങ്ങളിലും തോട്ടം മേഖലകളിലുമടക്കം കൂടുതല്‍ കാര്യക്ഷമമായി ചികിത്സാ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശിയ സേവാഭാരതി കേരളം ഭാസ്കര ജ്യോതി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള മെഡിക്കല്‍ വാഹനത്തിന്റെ ഉദ്ഘാടനം അടിമാലിയില്‍ നടന്നു.
അടിമാലി എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ: ബി രാജീവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രിയ സേവാ പ്രമുഖ് പി.എം രവികുമാര്‍ സേവാസന്ദേശം നടത്തി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: വി. നാരായണന് ആമുഖപ്രഭാഷണം നടത്തി. ദേശീയ സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ പി ജി,കെ ഐ സുരേന്ദ്രന്, കെ കെ രാജന്, സുനില്‍ കുമാര്‍ എ കെ, രാജന് കൈരളി, രാജു മണി എന്നിവര്‍ സംസാരിച്ചു. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ആദിവാസി ഇടങ്ങള്‍, തോട്ടം മേഖല എന്നിവിടങ്ങളില്‍ സേവനം ലഭ്യമാക്കുക, ക്യാമ്പുകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്. മൊബൈല്‍ മെഡിക്കല്‍ വാഹന യൂണിറ്റില്‍ മുഴുവന്‍ സമയ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാണ്.