
അടിമാലി: ബൈസൺവാലിയിൽ വിദ്യാർത്ഥികൾക്ക് പെപ്പർ സ്പ്രേ പ്രയോഗത്തിൽ പരിക്ക്.
ബൈസൺവാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ മാതാപിതാക്കളും തമ്മിൽ സ്കൂളിന് പുറത്ത് റോഡിൽ വച്ചുണ്ടായ വാക്ക്തർക്കത്തിനും കയ്യാങ്കളിക്കുമിടയിലായിരുന്നു പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
സ്കൂളിന് പുറത്ത് റോഡിൽ ബസ് സ്റ്റോപ്പിൽ വച്ചാണ് വാക്ക് തർക്കവും കയ്യാങ്കളിയും ഇതിനിടയിൽ കുരുമുളക് സ്പ്രേ പ്രയോഗവും നടന്നത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും ഇതേ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ മാതാപിതാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിൽ പരസ്പരം കയ്യാങ്കളിയും വാക്ക് തർക്കവും ഉണ്ടായതായാണ് വിവരം. ഇതിനിടയിൽ വിദ്യാർത്ഥി, കുരുമുളക് സ്പ്രേ പ്രയോഗത്തിന് മുതിർന്നതായാണ് പോലീസ് നൽകുന്ന വിവരം. കുരുമുളക് സ്പ്രേ കൈയ്യിൽ പിടിച്ച് ഇരുവിഭാഗവും തമ്മിൽ നടന്ന കയ്യാങ്കളിക്കിടെ ബഹളം കേട്ട് എത്തിയ മറ്റ് വിദ്യാർത്ഥികളും പെപ്പർ സ്പ്രേ ശ്വസിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ ചിലരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വാക്ക് തർക്കത്തിലും കയ്യാങ്കളിയിലുമേർപ്പെട്ട ഇരു കൂട്ടരും ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. പെപ്പർ സ്പ്രേ പ്രയോഗത്തിന് മുതിർന്ന വിദ്യാർത്ഥി അടിമാലിയിലെ ആശുപത്രിയിലും മറുവിഭാഗം മുല്ലക്കാനത്തുമാണ് ചികിത്സ തേടിയിട്ടുള്ളത്. ഇരുകൂട്ടരുടെയും മൊഴികൾ രേഖപ്പെടുത്തി സംഭവത്തിൽ കേസ് എടുക്കുമെന്ന് രാജാക്കാട് പോലീസ് അറിയിച്ചു.