പ്രളയത്തിൽ തകർന്ന മൂന്നാർ സർക്കാർ കോളേജിൻ്റെ നിർമ്മാണത്തിന് വഴിയൊരുക്കുന്നു; അനുവദിച്ചിട്ടുള്ളത് 2.8862 ഹെക്ടർ ഭൂമി

മൂന്നാർ : ദേവികുളം റോഡിൽ ബൊട്ടാണിക്കൽ ഗാർഡൻ സമീപമായിരുന്നു മുമ്പ് മൂന്നാർ ഗവൺമെൻ്റ് കോളേജ് പ്രവർത്തിച്ചിരുന്നത്. 2018ലെ പ്രളയത്തിൽ കോളേജ് കെട്ടിടം തകർന്നതോടെ കോളേജിൻ്റെ പ്രവർത്തനം ഇവിടെ നിന്നും മാറി. മൂന്നാറിൽ തന്നെയൊരുക്കിയ താൽക്കാലിക സംവിധാനത്തിലാണിപ്പോൾ കോളേജിൻ്റെ പ്രവർത്തനം മുമ്പോട്ട് പോകുന്നത്. കോളേജ് കെട്ടിടം തകർന്ന നാളുകൾ ഇത്ര പിന്നിട്ടിട്ടും പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്. എന്നാൽ പുതിയ കോളേജ് കെട്ടിടം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥല ലഭ്യതയാണ് പ്രതിസന്ധിക്കിടയാക്കുന്നത് എന്ന് ബന്ധപ്പെട്ടവർ നൽകിയിരുന്ന വിശദീകരണം. ഈ പ്രശ്നത്തിനാണിപ്പോൾ പരിഹാരമായിട്ടുള്ളത് . കോളേജ് നിർമ്മിക്കുവാൻ വേണ്ട ഭൂമി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 2.8862 ഹെക്ടർ ഭൂമിയാണ് പുതിയതായി സർക്കാർ കോളേജ് നിർമ്മിക്കുവാൻ അനുവദിച്ചത്.
ബൈറ്റ്
മൂന്നാർ എൻഞ്ചിനിയറിംഗ് കോളേജിൻ്റെ കൈവശമുള്ള 1.4569 ഹെക്ടർ ഭൂമിയും ഡി ടി പി സിയുടെ കൈവശമുള്ള 0.8332 ഹെക്ടർ ഭൂമിയും റവന്യൂ വകുപ്പിൻ്റെ അധീനതയിലുള്ള 0.5961 ഹെക്ടർ ഭൂമിയും ചേർത്താണ് പുതിയ സർക്കാർ കോളേജ് കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
ഒരു വർഷത്തിനുള്ളിൽ നിർമ്മാണ ജോലികൾ ആരംഭിക്കണമെന്നതടക്കമുള്ള നിബന്ധനകളും സ്ഥലം കൈമാറികൊണ്ടിറങ്ങിയ ഉത്തരവിലുണ്ട്. മുമ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയടക്കം നേരിട്ടെത്തി കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു. ഭൂമി ലഭ്യമായതോടെ തുടർ പ്രവർത്തനങ്ങളിൽ വേഗത കൈവരിച്ച് കോളേജിനായി പുതിയ കെട്ടിടം വൈകാതെ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയും ഉയരുന്നു.