ദേശീയപാത 85ലെ നിർമ്മാണ പ്രതിസന്ധി: പരസ്യ പ്രതിഷേധവുമായി യാക്കോബായ സഭ; പ്രതിഷേധ മാർച്ചിന് പിന്തുണ..

അടിമാലി : ദേശിയപാത85ൻ്റെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ രൂപം കൊണ്ടിട്ടുള്ള നിർമ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയും ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജനപിന്തുണയോടെ തുടർ സമരങ്ങൾക്ക് തീരുമാനം കൈകൊള്ളുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് യാക്കോബായ സഭയും വിഷയത്തിൽ പരസ്യ പ്രതികരണവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. വിഷയത്തിൽ ഈ മാസം 31ന് നടക്കുന്ന
പ്രതിഷേധ മാർച്ചിന് എല്ലാവിധ പിന്തണയുമുണ്ടാകുമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് അടിമാലിയിൽ പറഞ്ഞു.
30 ദേവാലയങ്ങളിൽ പ്രതിഷേധ ധർണ്ണയുമായി ബന്ധപ്പെട്ട സർക്കുലർ വായിക്കുമെന്നും സമരസമിതിക്കൊപ്പം നിന്ന് പ്രതിഷേധത്തിനിറങ്ങുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധിക്കേണ്ടതായി ഉണ്ട്. നിലവിലുള്ള നിയമ സംവിധാനത്തെ പോലും വനംവകുപ്പുദ്യോഗസ്ഥർ വെല്ലുവിളിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും യാക്കോബായ സഭ വ്യക്തമാക്കുന്നു.