നെടുങ്കണ്ടത്ത് ബാറില്‍ സംഘര്‍ഷം; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം.

നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പരുക്കേറ്റ നെടുങ്കണ്ടം കല്ക്കൂന്തല് നടുവത്താനിയില്‍ റോബിന്‍സിനെ(39) കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി ഉണ്ണികൃഷ്ണനെ(22)നെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.
രാവിലെ മുതല്‍ ഇരുവരും ബാറില്‍ മദ്യപിച്ചിരുന്നു. വൈകുന്നേരത്തോടെ ചെറിയതോതില്‍ വാക്കേറ്റമുണ്ടാകുകയും സ്പൈഡർ ഉണ്ണികൃഷ്ണന് എന്നയാൾ കയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് റോബിന്‍സിന്റെ കഴുത്തില്‍ വെട്ടുകയുമായിരുന്നു. കഴുത്തില്‍ മൂന്നോളം വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ബാര്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്ന്നെതിയ പോലീസ് സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.