KeralaLatest NewsLocal news

ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന് കൊടി ഉയരുന്നു; ചൊക്രമുടി ഭൂമി കയ്യേറ്റവും വിഭാഗീയതയും പ്രധാന ചർച്ചയാകും

ഭൂവിഷയങ്ങൾ തലവേദനയായിരിക്കെ ഇടുക്കിയിൽ സിപിഐ ജില്ലാ സമ്മേളനത്തിന് കൊടി ഉയരുന്നു. ചൊക്രമുടി ഭൂമി കയ്യേറ്റവും ഏലപ്പാറ മണ്ഡലം സമ്മേളനത്തിനിടെ ഉണ്ടായ വിഭാഗീയതയും പ്രധാന ചർച്ചയാകും. ജില്ലാ സെക്രട്ടറിയായി സലിംകുമാർ തുടരാനാണ് സാധ്യത.

രണ്ടര വർഷമായി റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഭൂ പതിവ് ഭേദഗതിയിൽ ചട്ടങ്ങൾ രൂപീകരിക്കാത്തതിൽ ജില്ലയിൽ വ്യാപക വിമർശനമാണുയരുന്നത്. പാർട്ടി മണ്ഡലം സമ്മേളനങ്ങളിൽ ഇത് പലതവണ ചർച്ചയായതോടെ ജില്ലാ സമ്മേളനത്തിൽ വിമർശനങ്ങൾ ഉയരാനാണ് സാധ്യത. ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ ജില്ലാ സെക്രട്ടറി സലിംകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ പണം വാങ്ങിയെന്ന ആരോപണവുമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിനു സ്കറിയ സംസ്ഥാന നേതൃത്വത്തിന് കത്തെഴുതിയിരുന്നു. വിനുവിനെ പുറത്താക്കി പ്രശ്നത്തിൽ താൽക്കാലിക പരിഹാരം കണ്ടെങ്കിലും സമ്മേളനത്തിൽ ചൊക്രമുടിയും നേതൃത്വത്തിന് തലവേദനയാകും.

ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ ഭർത്താവ് പി ജെ റെജിയെ സെക്രട്ടറിയാക്കാൻ പരസ്യ നിലപാടെടുത്ത മുൻ എം എൽ എ ഇ സ് ബിജിമോളെ സംസ്ഥാന നേതൃത്വം വിലക്കിയിരുന്നു. ബിജിമോളുടെ ഇടപെടൽ മൂലം സെക്രട്ടറിയെ തിരഞ്ഞെടുക്കാതെ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നു. മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായ ബിജിമോളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ജില്ലാ കൗൺസിലിന്റെ വിലയിരുത്തൽ. ഇതടക്കം ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും. വനം വന്യജീവി പ്രശ്നത്തിൽ വനംവകുപ്പിന്റെ നിലപാടിനെതിരെയും വിമർശനമുയർന്നേക്കും. നേരെത്തെ നാല് ദിവസമയി നടക്കേണ്ടിയിരുന്ന സമ്മേളനം പാർട്ടിയുടെ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പളനി വേൽ മരിച്ചതോടെ ശനി, ഞായർ ദിവസങ്ങളിലേക്ക് ചുരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!