പ്രാദേശിക വികസനത്തിന് പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം:മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : നാടിന്റെ പ്രാദേശിക വിഷയങ്ങള്‍ പ്രത്യേകം പരിഗണിച്ച് പരിഹരിക്കുകയാണ് പ്രധാന ദൗത്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കയം, പള്ളിക്കവല ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന വെന്റഡ് ക്രോസ് ബാറുകളുടെ (വി.സി.ബി) നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്ടേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, റവന്യു ക്വാര്‍ട്ടേഴ്‌സ്, മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയാക് യൂണിറ്റ്, ഇറിഗേഷന്‍ ടൂറിസം, മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, നഴ്‌സിംഗ് കോളേജ്, തുടങ്ങി വിവിധങ്ങളായ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി ജില്ലാ ആസ്ഥാനത്ത് ഇടുക്കി ടൗണ്‍ഷിപ്പ് രൂപികരിക്കാനാണ് ലക്ഷ്യം. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഭാവിയില്‍ വാഴത്തോപ്പ് – മരിയാപുരം പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഇടുക്കി മുനിസിപ്പാലിറ്റി രൂപികരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കിയെ 2018 ലെ പ്രളയത്തിന് മുന്‍പും ശേഷവുമെന്ന് രണ്ടായി വേര്‍തിരിക്കപെട്ടു. അറുപത് ശതമാനത്തോളം നിര്‍മ്മിതികളും പ്രളയത്തില്‍ നശിച്ചു. റോഡുകള്‍ പലതും പൂര്‍ണമായി നശിച്ചു പോയി. ഇന്ന് ബിഎംബിസി നിലവാരത്തില്‍ റോഡുകള്‍ പുന:നിര്‍മ്മിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കുതിരിക്കല്ല് – തട്ടാംപറമ്പ് റോഡിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ പ്രഖ്യാപിച്ചു.
മരിയാപുരം – വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് വെള്ളക്കയം – കുതിരക്കല്ല്, പള്ളിക്കവല – മഠംപടി ഭാഗങ്ങളിലാണ് വെന്റഡ് ക്രോസ് ബാര്‍ കം കോസ് വേ നിര്‍മ്മിക്കുന്നത്. 5.37 കോടി രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
വെള്ളക്കയം വെന്റഡ് ക്രോസ് ബാര്‍ കം കോസ് വേയുടെ ആകെ നീളം 325 മീറ്റര്‍ ആണ്. ഇതില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുന്നു. കോസ് വേയുടെ ആകെ നീളം 185 മീറ്റര്‍ ആണ്. ഇതില്‍ 55 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള വിസിബി കം കോസ് വേ ഇടതു വശത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപ്രോച്ച് റോഡുകളുടെ കാര്യത്തില്‍, ഇടതു വശത്ത് 60 മീറ്ററും വലതുവശത്ത് 36 മീറ്ററും നീളമുള്ള റോഡുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പള്ളിക്കവലയിലെ വിസിബി കം കോസ് വേയുടെ ആകെ നീളം 155 മീറ്റര്‍ ആണ്. കൂടാതെ, 2.60 മീറ്റര്‍ വീതിയുള്ള ഒരു നടപ്പാലവും ഇവിടെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ഈ മേഖലയിലെ ജലസേചന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജലപാതയ്ക്ക് കുറുകെ ഒരു വെന്റഡ് ക്രോസ് ബാര്‍ നിര്‍മ്മിക്കുക, മെച്ചപ്പെട്ട ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ സുഗമമാക്കുക എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ബോട്ടിംഗ്, കയാക്കിംഗ് എന്നിവ ഉള്‍പ്പെടുത്തി വിസിബി കം ഫുട്ട് ബ്രിഡ്ജിന്റെ റിസര്‍വോയറിന് ഒരു സുസ്ഥിര ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുള്ള സാധ്യതയും പദ്ധതിയിലൂടെ പരിഗണിക്കും.
കുതിരക്കല്ല് അങ്കണവാടി ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷനായി. കെഐഐഡിസി സി.ഇ.ഒ എസ്. തിലകന്‍ പദ്ധതി വിശദീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ആലിസ് വര്‍ഗീസ്, നിമ്മി ജയന്‍, ഫെനില്‍ ജോസ്, മിനി ജേക്കബ്, സാജു പോള്‍, വിനോദ് വര്‍ഗീസ്, രാജു ജോസഫ്, സിന്ധു വിവിധ രാഷ്ട്രീയ നേതാക്കളായ ജോയിച്ചന്‍ ചെറുകുന്നേല്‍, സുനില്‍ ജേക്കബ്,ജോബി തയ്യില്‍,അനില്‍ കൂവപ്ലാക്കല്‍, സുധാകരന്‍ തണ്ടാടിയില്‍, കുതിരക്കല്ല് സെന്റ് ജൂഡ് പള്ളിവികാരി ഫാ.ജോസഫ് കൊച്ചുകുന്നേല്‍, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് കെ.ജി തങ്കച്ചന്‍, ഇടുക്കി ജയ്മാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.ലിറ്റി ഉപ്പുമാക്കല്‍ എന്നിവര്‍ സംസാരിച്ചു.