KeralaLatest NewsNational

സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുക.

ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് നടത്തിയത് 2011 ലാണ്.

ആദ്യ ഘട്ടത്തിൽ (ഹൗസ്‌ലിസ്റ്റിങ് ഓപ്പറേഷൻ-എച്ച്എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അം​ഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.

സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോ​ഗിക്കും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്. 93 വർഷത്തിനുശേഷമാണു ജാതി സെൻസസ് രാജ്യത്തു നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!