
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ 11 ഉന്നതികളിൽ സൗരോർജ വഴിവിളക്കുകൾ സ്ഥാപിച്ച് ആനമുടി വനവികസന ഏജൻസി. ഗ്രീൻ ഇന്ത്യ മിഷന്റെ സഹായത്തോടെയാണ് അഞ്ചുലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.
സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഈ കുടികളിൽ വൈദ്യുതി എത്തിക്കുവാനുള്ള പദ്ധതി പാതിവഴിയിൽ നിലച്ച സാഹര്യമാണ് നിലവിൽ ഉള്ളത്. പുറവയൽ കുടിയിലെ ഒരുവീട്ടിലും ഈച്ചാംപ്പെട്ടി കുടിയിലെ 10 വീടുകളിൽ മാത്രമാണ് ഈ പദ്ധതി പ്രകാരം വൈദ്യുതി എത്തിയിട്ടുള്ളു.
മറയൂർ പഞ്ചായത്തിലെ ഇരുട്ടളക്കുടി, പുതുക്കുടി, വെള്ളക്കല്ല്, മുളകാംപെട്ടി, തായണ്ണൻ കുടി, ആലാം പെട്ടി, കാന്തല്ലൂർ പഞ്ചായത്തിലെ ചമ്പക്കാട്, പാളപ്പെട്ടി, ഒള്ളവയൽ, വണ്ണാന്തുറൈ, മാങ്ങാപ്പാറ എന്നീ ഉന്നതികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാർ വന്യജീവി വാർഡൻ കെ.വി. ഹരികൃഷ്ണൻ, ചിന്നാർ അസിസ്റ്റൻറ് വാർഡൻ ജി. അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.