KeralaLatest News

വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.

അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.

അതേസമയം വി എസിന്റെ പൊതുദര്‍ശനം സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്ര ആരംഭിക്കും.കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ദേശീയപാതയിലൂടെയാണ് വിലാപയാത്ര നീങ്ങുക. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!