ദിവസങ്ങള്‍ക്ക് ശേഷം കാലവര്‍ഷം വീണ്ടും കനത്തു; കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു

അടിമാലി: ദിവസങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വീണ്ടും കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു. ഇന്നലെ രാത്രിയില്‍ ജില്ലയില്‍ ഒട്ടുമിക്കയിടങ്ങളിലും കനത്ത മഴ പെയ്തു. പുഴകളിലും കൈത്തോടുകളിലും നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പുയരും ചെയ്തു. ജലനിരപ്പ് സംഭരണ ശേഷിയുടെ പരമാവധിയെത്തിയതോടെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.
പെരിയാറിന്റെയും മുതിരപ്പുഴയുടെയും തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങി ജില്ലയിലെ മറ്റണക്കെട്ടുകളിലേക്കും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു. കഴിഞ്ഞ മാസം അവസാന വാരം കാലവര്‍ഷം എത്തിയ ശേഷം ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍കുട്ടി, ഹെഡ് വര്‍ക്ക്സ്, മലങ്കര, പ്ലാംബ്ല തുടങ്ങി 5 അണക്കെട്ടുകള്‍ പരമാവധി സംഭരണ ശേഷിയിലേക്കെത്തിയിരുന്നു. മഴ കുറഞ്ഞതോടെ തുറന്ന അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചിരുന്നു.
ഒരാഴ്ച്ച ശേഷം വീണ്ടും മഴ ശക്തിപ്രാപിച്ചതോടെ അണക്കെട്ടുകളിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തി തുടങ്ങി. ജില്ലയിലെ ഒട്ടുമിക്കയണക്കെട്ടുകളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെള്ളത്തിന്റെ അളവ് കൂടുതലുണ്ട്.