KeralaLatest NewsLocal newsTravel

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഇടുക്കിക്ക് സര്‍വകാല റെക്കോര്‍ഡ്: മന്ത്രി മുഹമ്മദ് റിയാസ്

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ സംസ്ഥാനത്ത് വിദേശസഞ്ചാരികളുടെ എണ്ണം ഏറ്റവുമധികം വര്‍ധിച്ച ജില്ല ഇടുക്കിയാണെന്നും ഇത് സര്‍വകാല റെക്കോര്‍ഡാണെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെയും (മൈഗ്രേഷന്‍ മോണുമെന്‍സ് ടൂറിസം വില്ലേജ്) ഫോട്ടോ ഫ്രെയിമുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാകുന്ന ഘട്ടമാണിത്. കോവിഡിന് ശേഷം ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസം മാത്രം 9,84,645 ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിനെക്കാളും 25 ശതമാനത്തിന്റെ വര്‍ധന. കോവിഡ് കാലത്തിന് ശേഷമുള്ള സമയം എടുത്താല്‍ 186.29 ശതമാനം അധികമാണിത്. വിദേശസഞ്ചാരികളുടെ കാര്യത്തിലും ഈ മുന്നേറ്റം കാണാം. ഈ വര്‍ഷമാദ്യത്തെ മൂന്നുമാസം 53,033 വിദേശസഞ്ചാരികളാണ് ഇടുക്കിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ശതമാനത്തിലധികം വര്‍ദ്ധനയാണ് ഉണ്ടായത്. ഇടുക്കി എല്ലാ നിലയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ചരിത്രം കേരളത്തിലെ സാമൂഹിക ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കുടിയേറ്റ കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി പരുവപ്പെടുത്തി എടുത്തതാണ് ഇന്നത്തെ ഇടുക്കി. അമരാവതി ഉള്‍പ്പെടെയുള്ള ഒട്ടനവധി പോരാട്ടങ്ങള്‍ ഇടുക്കിയുടെ സാമൂഹിക ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അത്തരത്തില്‍ ഇടുക്കിയുടെ കുടിയേറ്റ കര്‍ഷകരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് മൈഗ്രേഷന്‍ മോണുമെന്‍സ് ടൂറിസം വില്ലേജ്.

ശില്‍പ്പങ്ങളുടെയും ഇന്‍സ്റ്റലേഷനുകളുടെയും സഹായത്തോടെ ഈ ചരിത്രം വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തുകയാണ്. സഞ്ചാരികള്‍ക്കൊപ്പം ചരിത്രാന്വേഷികള്‍ക്കും പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി. ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമേ വിദേശസഞ്ചാരികളും വലിയ തോതില്‍ ഇടുക്കിയിലെത്തുന്നു. ഈ സാഹചര്യത്തില്‍ സഞ്ചാരികളെ വരവേല്‍ക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. അതിനായി ഗ്ലാസ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കി. ഇക്കോ ലോഡ്ജ് നടപ്പിലായി. കൂടാതെ വിശാലമായ യാത്രിനിവാസ് കൂടി സാധ്യമാകുന്നു. ഗസ്റ്റ് ഹൗസുകള്‍ നവീകരിച്ചു. പുതിയ കെട്ടിടങ്ങള്‍ ഉണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം എമെര്‍ജിങ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഇടുക്കിക്ക് വലിയ പരിഗണന സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബ് ആക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജല സാഹസിക ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷന്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിന് ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ആരംഭിച്ചത് സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണ്. 40 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്.

ലോകവ്യാപകമായി വികസിച്ചുവരുന്ന ഡെസ്റ്റിനേഷന്‍ വെഡിങ്ങിന് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ വലിയ കുതിപ്പാണ് കേരളം നേടിയിട്ടുള്ളത്. ടൂറിസം, പൊതുമരാമത്ത് വികസന മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ഡിസൈന്‍ പോളിസിക്ക് രൂപം നല്‍കി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നമ്മുടെ നാടിന്റെ ചരിത്രം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കുടിയേറ്റ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെറുതോണി മുതല്‍ ഇടുക്കി വരെ ഒരു ടൗണ്‍ഷിപ്പിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫുഡ് പാര്‍ക്ക്, നാല് ഏക്കറില്‍ സാംസ്‌കാരിക മ്യൂസിയം, രണ്ട് ഏക്കറില്‍ മള്‍ട്ടി പ്ലസ് തിയേറ്റര്‍, 25 ഏക്കറില്‍ ഇറിഗേഷന്‍ മ്യൂസിയം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ വരുന്നതോടെ ഇടുക്കി ടൂറിസം രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി. വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. സത്യന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, പ്രഭാ തങ്കച്ചന്‍, നിമ്മി ജയന്‍, ഏലിയാമ്മ ജോയ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, ടൂറിസം വകുപ്പ് ഡി.ഡി ഷൈന്‍ കെ. എസ്, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, എം. കെ പ്രിയന്‍, ജോസ് കുഴികണ്ടം, സി. എം അസിസ്, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!