
ഇടുക്കി : വിൽപനയ്ക്കെത്തിച്ച 139 തത്തകളുമായി തമിഴ്നാട് സ്വദേശികളായ 3 സ്ത്രീകൾ പിടിയിൽ. തമിഴ്നാട് പുതുതെരുവ് കോട്ടൂർ സ്വദേശിനികളായ ജയ വീരൻ (50), ഇലവഞ്ചി അണ്ണാദുരൈ(45), ഗാന്ധിഗ്രാം കതിര് സ്വദേശിനി ഉഷ ചന്ദ്രശേഖരൻ (41) എന്നിവരാണ് പിടിയിലായത്. ഇടുക്കി ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒയ്ക്കു ലഭിച്ച വിവരപ്രകാരം ഇന്നലെ രാവിലെ പത്തരയോടെ തങ്കമണി പ്രകാശ് മേഖലയിൽ നിന്നാണ് ഇവർ പിടിയിലായത്. 8 കൂടുകളിലാക്കിയാണു തത്തകളെ കൊണ്ടുവന്നത്.
തമിഴ്നാട്ടിൽ നിന്നു പിടികൂടിയ തത്തകളെയാണു കേരളത്തിലേക്കു കൊണ്ടുവന്നതെന്നാണ് ഇവരുടെ മൊഴി. ഇടുക്കി ഫ്ലയിങ് സ്ക്വാഡ് റേഞ്ച് സംഘവും കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്നാണു തത്ത വിൽപനക്കാരെ പിടികൂടിയത്. ഇടുക്കി ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.ലിതേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 2ൽ ഉൾപ്പെടുന്ന തത്തകളെ വിൽക്കാനോ വളർത്താനോ അനുമതിയില്ല. 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. കോടതിയുടെ അനുമതി നേടിയശേഷം തത്തകളെ ഉൾവനത്തിൽ തുറന്നുവിടാനാണ് വനപാലകരുടെ ശ്രമം.