ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; ഈ മാസം 31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താലും ലോംങ്ങ് മാര്‍ച്ചും

അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ വിലക്കിനെതിരെ ഈ മാസം 31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താലാചരിക്കും. പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് അന്നേദിവസം ലോങ്ങ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്ന സാഹചര്യത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈറേഞ്ച് മേഖലയില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മുമ്പ് എല്‍ ഡി എഫും യു ഡി എഫും ഹര്‍ത്താല്‍ നടത്തിയിരുന്നു. വിഷയത്തില്‍ വനംവകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്.ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് ഈ മാസം 31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താലാചരിക്കുന്നതിന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി തീരുമാനം കൈകൊണ്ടിട്ടുള്ളത്.
പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് അന്നേദിവസം ആറാം മൈലില്‍ നിന്ന് നേര്യമംഗലത്തേക്ക് ലോങ്ങ് മാര്‍ച്ചും സംഘടിപ്പിക്കും. ഹര്‍ത്താലിനോടും പ്രതിഷേധ പരിപാടികളോടും എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ഉദ്യോഗസ്ഥ ലോബിയുടെയും തന്ത്രപരമായ നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി ആരോപിക്കുന്നു.
റവന്യൂ രേഖകളനുസരിച്ച് റോഡുമായി ബന്ധപ്പെട്ട് 100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നിലനില്‍ക്കെയാണ് സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഈ ഭാഗം വനമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കോടതി വിധി. പൊതുമരാമത്ത് വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ അഭിഭാഷകര്‍ ഇത് സംബന്ധിച്ച് കോടതിയില്‍ ഹാജരാകുകയോ സത്യവാങ്മൂലം സമര്‍പ്പിക്കുകയോ ചെയ്തില്ല.
സര്‍ക്കാര്‍ ഇടപെട്ട് യഥാര്‍ത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ദേശീയപാത കോഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. 31 ന് രാവിലെ പത്തരക്ക് ആറാംമൈലില്‍ നിന്നാരംഭിക്കുന്ന ലോംങ്ങ് മാര്‍ച്ച് പന്ത്രണ്ടരക്ക് നേര്യമംഗലത്ത് എത്തും. തുടര്‍ന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണാ സമരം നടക്കും.
വിവിധ മത, സാമുദായിക, കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വ്യാപാരികളുടെയും ഓട്ടോ, ടാക്‌സി, ബസ് തൊഴിലാളികളുടെയും പിന്തുണ സമരത്തിനുണ്ടെന്നും ദേശീയപാത കോഡിനേഷന്‍ കമ്മറ്റിക്ക് വേണ്ടി റസാഖ് ചുരവേലില്‍, ബെന്നി കോട്ടക്കല്‍, രാജീവ് പ്ലാമൂട്ടില്‍, സന്തോഷ് മാധവന്‍, കെ കെ. രാജന്‍, കെ.കൃഷ്ണമൂര്‍ത്തി,നവാസ് ഹൈടെക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.