ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണ്ണയം; ഇടുക്കിയില്‍ ഒരു ഡിവിഷന്‍ കൂടി

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് പുനര്‍വിജ്ഞാപനം ഇറക്കിയപ്പോള്‍ ഇടുക്കിയില്‍ ഒരു ഡിവിഷന്‍ കൂടി. വെള്ളത്തൂവലാണ് പുതിയതായി രൂപീകരിച്ചിട്ടുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ഇതോടെ ജില്ലാ പഞ്ചായത്തില്‍ ആകെ ഡിവിഷന്‍ പതിനേഴായി. മൂന്നാര്‍, ദേവികുളം, പാമ്പാടുംപാറ ഡിവിഷന്‍ ഒഴികെ മറ്റു ഡിവിഷനുകളില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം വേണ്ടി വന്നു. ഏറെക്കുറെ ലോറേഞ്ച്, ഹൈറേഞ്ച് എന്നു തിരിച്ചാണ് ഇത്തവണ പുനര്‍നിര്‍ണയം നടത്തിയിരിക്കുന്നത്.
അടിമാലി, ഇടുക്കി ബ്ലോക്ക് ഉള്‍പ്പെടുന്ന വെള്ളത്തുവല്‍ ഡിവിഷനില്‍ 55,101 ആണ് ജനസംഖ്യ. അടിമാലി ബ്ലോക്കിലുള്ള വെള്ളത്തുവല്‍, കൊന്നത്തടി, മുനിയറ, കമ്പിളിക്കണ്ടം എന്നിവയും ഇടുക്കി ബ്ലോക്കിലുള്ള പഴയരിക്കണ്ടം, കഞ്ഞിക്കുഴി എന്നിവയുമാണ് വെള്ളത്തൂവല്‍ ഡിവിഷനോട് ചേര്‍ത്തിരിക്കുന്നത്. മുരിക്കാശേരി, മുള്ളരിങ്ങാട് എന്നീ ഡിവിഷനുകളുടെ പേരുകള്‍ യഥാക്രമം തോപ്രാംകുടി, വണ്ണപ്പുറം എന്നാക്കി മാറ്റി. കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ചു ആക്ഷേപങ്ങളും അഭിപ്രായങ്ങളും നാളെ വരെ സമര്‍പ്പിക്കാം.
ഡീലിമിറ്റേഷന്‍ സെക്രട്ടറിക്കോ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ പരാതി നല്‍കാം. നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കിലായി ഉള്‍പ്പെടുന്ന പാമ്പാടുംപാറ ഡിവിഷനിലാണ് വോട്ടര്‍മാര്‍ കൂടുതലുള്ളത്. 65,619 പേര്‍.പൈനാവ് ഡിവിഷനാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കുഞ്ഞന്‍, ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന മേഖലയില്‍ 53,027 വോട്ടര്‍മാരാണുള്ളത്.