തണുത്ത മൂന്നാറിന്റെ ചൂടുള്ള കായിക ആവേശമാണ് സിജു; അറിയാം സിജുവിന്റെ വിശേഷങ്ങള്‍

മൂന്നാര്‍: സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി കഷ്ടപ്പെടാന്‍ ഒരു മനസ്സുണ്ടെങ്കില്‍ ഏത് പരിമിതിയും മറികടക്കാം. അംഗ പരിമിതിയുള്ളവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൃഷ്ടിയെന്ന പ്രസ്ഥാനത്തിലെ ജോലിക്കാരന്‍കൂടിയായ മൂന്നാര്‍ സ്വദേശി എ സിജു അത്തരത്തില്‍ ജീവിത വിജയം നേടിയവരില്‍ ഒരാളാണ്. ചെവിക്ക് കേള്‍വി കുറവുള്ള സിജുവിന് ഏറെ ഇഷ്ടം ഓട്ടമാണ്. ഈ കഴിവ് തിരിച്ചറിഞ്ഞ് സിജുവിനെ ആദ്യം പ്രോത്സാഹിപ്പിച്ചത് സിജുവിന്റെ സഹോദരി ഭര്‍ത്താവാണ്. അങ്ങനെ രണ്ടായിരത്തി പതിനെട്ടില്‍ ആദ്യമായി സിജു മാരത്തോണില്‍ വിജയക്കൊടി നാട്ടി. പിന്നീടങ്ങോട്ട് സിജു ഓടി കയറിയത് വിജയത്തിന്റെ കൊടുമുടിയിലേ്ക്കാണ്.
ഏഴ് കിലോമീറ്റര്‍ മുതല്‍ എഴുപത് കിലോമീറ്റര്‍ വരെയുള്ള 13 മാരത്തോണുകളില്‍ സിജു പങ്കെടുത്തു. മൂന്നാറിലും കൊടൈക്കനാലിലും മുംബൈയിലും സിജു മാരത്തോണില്‍ വിജയ കിരീടം ചൂടി.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സിജു സൃഷ്ടിയിലെ ജീവനക്കാരനാണ്. സിജുവിന്റെ കഴിവിന് വേണ്ട സഹായങ്ങളും പ്രോത്സാഹനവും നല്‍കുന്നതും ഇവര്‍ തന്നെ. മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള ചിലവും പരീശീലനവും നല്‍കുന്നതും സൃഷ്ടിയാണ്. ഇനിയും ഓടിയെത്താന്‍ ദൂരങ്ങള്‍ ബാക്കിയുണ്ടെന്നാണ് സിജു പറയുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന മാരത്തോണുകളിലെ വിജയക്കുതിപ്പിന് വേണ്ടിയുള്ള പരിശീലനവും സിജു തുടരുകയാണ്.