KeralaLatest NewsLocal news

ദേശപ്പെരുമയേറ്റി മൂന്നാര്‍ ജുമാമസ്ജിദിലെ പുണ്യ റംസാന്‍ മാസത്തിലെ ഔഷധകഞ്ഞി വിതരണം

മൂന്നാര്‍: മൂന്നാര്‍ ജുമാമസ്ജിദിന്റെ നേതൃത്വത്തില്‍ പുണ്യ റംസാന്‍ മാസത്തില്‍ നടത്തി വരുന്ന ഔഷധകഞ്ഞി വിതരണത്തിന് 116 വയസ്സ്. നോമ്പുകാലങ്ങളില്‍ മൂന്നാറിലെത്തുന്നവരെ കാത്തിരിക്കുന്നത് പ്രകൃതിയുടെ തണുപ്പ് മാത്രമല്ല, ഒരു നൂറ്റാണ്ടായി തുടര്‍ന്നവരുന്ന അന്നദാനത്തിന്റെ പുണ്യം കൂടിയാണ്. മൂന്നാര്‍ ജുമാ മസ്ജിദില്‍ നിന്ന് വിതരണം ചെയ്യുന്ന ഔഷധക്കഞ്ഞി സ്വകരിക്കാന്‍ ജാതി മത ഭേദമില്ലാതെ ഓരോ നോമ്പുകാലത്തും വിദൂരങ്ങളില്‍ നിന്നുള്ളവര്‍ പോലും എത്തുന്നു. ഉലുവയും വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത പ്രത്യേക കഞ്ഞിയാണ് വിതരണം ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് മൂന്നാറില്‍ ജുമാ മസ്ജിദ് ആരംഭിച്ച കാലം മുതല്‍ തുടങ്ങിയതാണ് കഞ്ഞി വിതരണം. അന്ന് മൂന്നാറിൽ മുസ്ലിം കുടുംബങ്ങള്‍ വളരെ കുറവായിരുന്നു. പെരുമ്പാവൂര്‍, കോതമംഗലം, മുവാറ്റുപുഴ മേഖലയില്‍ നിന്നും തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും മൂന്നാറിലേക്കെത്തുന്ന കച്ചവടക്കാരും വാഹനയാത്രക്കാരുമായിരുന്നു ആദ്യകാലത്ത് ഈ ഔഷധക്കഞ്ഞി കഴിച്ചിരുന്നത്.

കാലം പിന്നിട്ടപ്പോള്‍ മൂന്നാറിലെ വ്യാപാരികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമൊക്കെ ഔഷധക്കഞ്ഞി പ്രിയപ്പെട്ടതായി. ഒരു നൂറ്റാണ്ടായി തുടരുന്ന കഞ്ഞി വിതരണം കോവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്. ഉച്ചയ്ക്ക് മുമ്പ് തന്നെ കഞ്ഞി തയ്യാറാക്കല്‍ തുടങ്ങും. ദിവസവും 300 പേര്‍ക്കാണ് കഞ്ഞി തയ്യാറാക്കുക. ഇതില്‍ 100 ലേറെ പേര്‍ ഇതര മത വിശ്വാസികളാണെന്ന് കാല്‍ നൂറ്റാണ്ടായി ഔഷധക്കഞ്ഞി തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്ന സിന്ത മുതാര്‍ മൈതീന്‍ പറയുന്നു. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് കഞ്ഞി തയാറാകും. ചീഫ് ഇമാം ആഷിഖ് മൗലവി, ജമാഅത്ത് പ്രസിഡന്റ് ഖാദര്‍ കുഞ്ഞ് റാപ്സി, വൈസ് പ്രസിഡന്റ്‌റ് കരീം, ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് ,മുഹമ്മദ് ഹാറൂണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് മസ്ജിദില്‍ നോമ്പ് തുറയും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!