പഴക്കട പൂട്ടി സീല്‍ ചെയ്ത നടപടിക്ക് കോടതി രണ്ട് ദിവസത്തേക്ക് സാവകാശം അനുവദിച്ച് ഉത്തരവായി

അടിമാലി: അടിമാലി ടൗണില്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത് അക്ബര്‍ ബനാന മര്‍ച്ചന്റ് എന്ന വാഴക്കുലകളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം കേരള ബാങ്ക് ജപ്തി നടപടികളുമായി എത്തിയത്. ജപ്തി നടപടികള്‍ പിന്നീട് വലിയ പ്രതിഷേധത്തിനും നാടകീയ രംഗങ്ങള്‍ക്കും വഴിതെളിച്ചു.ബാങ്ക് ജപ്തി ചെയ്ത് പഴക്കട പൂട്ടി സീല്‍ ചെയ്ത നടപടിക്ക് ഹൈക്കോടതി രണ്ട് ദിവസത്തേക്കാണ് സാവകാശം അനുവദിച്ച് ഉത്തരവായിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ ഏത്തക്കുലയും പഴങ്ങളും നാശ നഷ്ടം സംഭവിക്കാതെ കടയുടമക്ക് നീക്കം ചെയ്യുന്നതിനാണ് രണ്ട് ദിവസം സാവകാശം അനുവദിച്ച് ഉത്തരവായത്.
മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്ന് സ്ഥലം വാടകക്കെടുത്ത് സ്ഥാപനം നിര്‍മ്മിച്ചായിരുന്നു അക്ബര്‍ വ്യാപാരം നടത്തിവന്നിരുന്നത്. അക്ബറിന് ബാങ്കുമായി ഇടപാടില്ലെങ്കിലും മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുള്ള കുടിശ്ശിഖ ഈടാക്കുന്നതിന് വേണ്ടിയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. പോലീസ് സംരക്ഷണത്തില്‍ ബാങ്കധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തിയ സമയം കടക്കുള്ളില്‍ വിഷു വിപണി മുമ്പില്‍ കണ്ടെത്തിച്ച വലിയ തുകയുടെ വാഴക്കുലകളും പഴക്കുലകളും സൂക്ഷിച്ചിരുന്നു.
ജപ്തിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കടക്കുള്ളിലെ സ്റ്റോക്ക് പോലും നീക്കാന്‍ അവസരം നല്‍കാതെയാണ് ബാങ്കധികൃതര്‍ സ്ഥാപനം പൂട്ടിയതെന്നുമുള്ള ആക്ഷേപം സ്ഥാപന ഉടമ മുമ്പോട്ട് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടയുടമ ഹൈക്കോടതിയെ സമീപിച്ചതും കോടതി രണ്ട് ദിവസത്തേക്ക് സാവകാശം അനുവദിച്ച് നല്‍കിയിട്ടുള്ളതും.