KeralaLatest News

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, ജയിൽ മേധാവി പങ്കെടുക്കും

ഗോവിന്ദ ചാമി ജയിൽ ചാടിയതിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും.
രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടും ക്രിമിനൽ ഗോവിന്ദ ചാമി ചാടിയത് സംബന്ധിച്ച
വിവരങ്ങളും വീഴ്ചകളും ജയിൽ മേധാവി മുഖ്യമന്ത്രിയെ ധരിപ്പിക്കും. സംസ്ഥാനത്തെ
ജയിലുകളിൽ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ലെന്ന പരാതിയും ശക്തമാണ്. സംസ്ഥാന പൊലീസ് മേധാവിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

ജയിലിലെ ഗുരുതര സുരക്ഷാവീഴ്ച ചര്‍ച്ചയാക്കിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം. 9 മാസമായി ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികള്‍ തകര്‍ത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. താന്‍ ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നു. ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ 9 മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. തന്നെ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് കരുതാത്തതിനാലാണ് ജയില്‍ചാട്ടത്തിനായി തയ്യാറെടുത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയത്. മൂന്ന് അഴികള്‍ ഇയാള്‍ ഇത്തരത്തില്‍ രാകിക്കൊണ്ടിരുന്നു.

എല്ലാ ദിവസവും രാത്രി ഇയാള്‍ അഴികള്‍ രാകാറുണ്ടായിരുന്നുവെന്നും ഇന്നലെ രാത്രി 1.30ഓടെയാണ് പണികള്‍ പൂര്‍ത്തിയായതെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. മൂന്ന് സ്ഥലത്ത് അഴികള്‍ അറുത്തുമാറ്റി ആദ്യം തന്റെ തലയും പിന്നീട് ശരീരവും പുറത്തിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. തന്റെ തല അഴികളിലൂടെ കടക്കുമോ എന്ന് മുന്‍പ് തന്നെ ഇയാള്‍ പരീക്ഷിച്ച് മനസിലാക്കിയതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നശേഷം വാട്ടര്‍ടാങ്കിന് മുകളില്‍ കയറിനിന്ന് തോര്‍ത്തുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിനായി രണ്ടുമണിക്കൂറോളം സമയമെടുത്തു. എന്നിട്ടും ജയില്‍ അധികൃതരാരും ഗോവിന്ദച്ചാമിയെ കണ്ടില്ല. പിന്നീട് മുളങ്കമ്പില്‍ തുണി കെട്ടിയാണ് ഇയാള്‍ പുറത്തേക്ക് ചാടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!