അടിമാലി മാങ്കടവ് മേഖലയിലെ കൃഷിയിടത്തില്‍ വന്യജീവിയുടെ സാന്നിധ്യമെന്ന് സംശയം

അടിമാലി: അടിമാലി മാങ്കടവ് ശ്രീദേവി എല്‍ പി സ്കൂളിന് മുകള്‍ ഭാഗത്ത് ജനവാസ മേഖലയില്‍ വന്യജീവിയുടെ സാന്നിധ്യം ഉള്ളതായാണ് ആളുകള്‍ സംശയിക്കുന്നത്. പ്രദേശവാസിയായ സന്തോഷ് ഇന്നലെ വൈകുന്നേരത്തോടെ കൊക്കോ പറിക്കുന്നതിനായി പ്രദേശത്തെത്തിയിരുന്നു. ഈ സമയം തൊട്ടടുത്ത കൃഷിയിടത്തില്‍ നിന്നിരുന്ന മരത്തില്‍ നിന്നും അജ്ഞാത ജീവി താഴേക്ക് ചാടുകയും താഴെ നിന്നിരുന്ന കേഴയാടിന് പിറകെ ഓടി മറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതായും സന്തോഷ് പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ഭയന്നു പോയ സന്തോഷ് ഉടന്‍ ഇവിടെ നിന്ന് മടങ്ങുകയും സമീപവാസികളെ വിവരം അറിയിക്കുകയും ചെയ്തു. പുലിയുടെ സാന്നിധ്യമാണോ പ്രദേശത്ത് ഉണ്ടായിട്ടുള്ളത് എന്ന സംശയം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു. വന്യജീവിയുടെ കാല്പ്പാടും പ്രദേശത്ത് കണ്ടെത്തി. കൂമ്പന്‍പാറ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന പ്രദേശമാണിവിടം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തി. മനുഷ്യ വന്യ ജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷന്‍ അംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തിയിരുന്നു.