31ലെ താലൂക്ക് ഹര്‍ത്താല്‍, സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; ലോംങ്ങ് മാര്‍ച്ചിന് പൂര്‍ണ്ണ പിന്തുണ

അടിമാലി: ദേശിയപാത85ലെ നിര്‍മ്മാണപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 31ന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തിട്ടുള്ള ലോംങ്ങ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമതി. എന്നാല്‍ അന്നേദിവസം പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് സംഘടനാ ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് പുനപരിശോധന ഹര്‍ജി നല്‍കി, പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച്, കോടതിയെ വസ്തുത ബോധ്യപ്പെടുത്തി പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ നടത്തണമെന്നും സംഘടനാ ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഈ മാസം 31ന് ദേശീയപാത കോഡിനേഷന്‍ കമ്മറ്റി ലോംങ്ങ് മാര്‍ച്ചിനും ദേവികുളം താലൂക്കില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുള്ളത്. ആറാംമൈലില്‍ നിന്നും നേര്യമംഗലം ഫോറസ്റ്റ് ഓഫീസ് പരിസരത്തേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധ സൂചകമായി 31 നടത്തുന്ന ലോംങ്ങ് മാര്‍ച്ചിന് പിന്തുണയറിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമതി ഭാരവാഹികള്‍ അടിമാലിയില്‍ പറഞ്ഞു.
കടകളടക്കാതെ സംഘടനാംഗങ്ങള്‍ ലോംങ്ങ് മാര്‍ച്ചിന്റെ ഭാഗമാകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതേ വിഷയത്തില്‍ മുമ്പൊരു ഹര്‍ത്താല്‍ നടന്നു കഴിഞ്ഞു. വ്യാപാര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ വ്യാപാര മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും.
ദേശിയപാത വിഷയത്തില്‍ തുടക്കം മുതല്‍ സംഘടന സമരപോരാട്ടങ്ങളുമായി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചുവരുന്നതാണ്. വിഷയത്തിന്റെ പ്രാധാന്യം ഗൗരവമുള്ളതാണ്. ദേശീയപാത കോഡിനേഷന്‍ കമ്മറ്റി ഹര്‍ത്താലില്‍ നിന്ന് പിന്‍മാറി ലോംങ്ങ് മാര്‍ച്ച് ശക്തിപ്പെടുത്തണമെന്നും മണ്ഡലത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും അംഗങ്ങള്‍ ലോംങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘടനാ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, ജില്ലാ വര്‍ക്കിംങ്ങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, നിയോജക മണ്ഡലം ഭാരവാഹികളായ സാന്റി മാത്യു, ഷിബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.