
മൂന്നാർ : ഇന്നലെ വൈകുന്നേരത്തോടെയാണ് പുതിയ മൂന്നാർ ടൗണിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.റോഡിന് മുകൾ ഭാഗത്തു നിന്ന് മണ്ണിടിഞ്ഞ് വഴിയോരത്തുള്ള പെട്ടിക്കടകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.സംഭവത്തിൽ മൂന്ന് വഴിയോര കടകൾ തകർന്നു.പെരിയവര സ്വദേശി രാമസ്വാമി, മൂന്നാർ എംജി നഗർ സ്വദേശികളായ ഗണേശൻ, നാഗരാജ് എന്നിവരുടെ കടകളാണ് തകർന്നത്. കെഡിഎച്ച്പി ഹെഡ് ക്വാർട്ടേഴ്സിന് സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയോളം ഉയരമുള്ള മൺതിട്ടയിടിഞ്ഞാണ് കടകൾക്കുമുകളിൽ പതിച്ചത്. കടകൾ നേരത്തെ അടച്ചതിനാൽ ആളപായമുണ്ടായില്ല. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ആർഒ ജങ്ഷനിൽ ഗതാഗതം തടഞ്ഞു. വാഹനങ്ങൾ ബൈപ്പാസ് റോഡ് വഴി തിരിച്ചുവിട്ടു. പിന്നീട് യന്ത്രസഹായത്തോടെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നാർ മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്.