
മൂന്നാര്‍: ഉണ്ടായിരുന്ന നടപ്പുവഴി ഇടിഞ്ഞില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മൂന്നാറിലെ ഒരു പറ്റം കുടുംബങ്ങള്‍. മൂന്നാര്‍ ലക്ഷം നഗറില്‍ നിന്നും എം ജി നഗറിലേക്ക് പോകുന്ന നടപ്പുവഴിയുടെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തകര്‍ന്നത്. ഇതോടെ യാത്രക്കായി ഈ വഴിയെ ആശ്രയിച്ചിരുന്നവര്‍ ദുരിതത്തിലായി. പ്രദേശത്തെ ഇരുപതിലധികം കുടുംബങ്ങള്‍ ഇതു വഴിയായിരുന്നു സഞ്ചരിച്ച് വന്നിരുന്നത്.
2018ലെ പ്രളയത്തിലാണ് നടപ്പുവഴിയുടെ ഈ ഭാഗം തകര്‍ന്നത്. പിന്നീട് ഇരുമ്പുപൈപ്പുപയോഗിച്ച് നടന്നു പോകാവുന്ന രീതിയില്‍ പാലത്തിന് സമാന രീതിയില്‍ സംവിധാനമൊരുക്കിയായിരുന്നു ആളുകള്‍ യാത്ര നടത്തിയിരുന്നത്. തകര്‍ന്ന നടപ്പാത പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെക്കാലങ്ങളായി ഉയര്‍ത്തുന്നതാണെന്നും എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതിനോട് മുഖം തിരിക്കുന്നുവെന്ന ആക്ഷേപം പ്രദേശവാസികള്‍ മുമ്പോട്ട് വച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ താല്‍ക്കാലികമായി ഒരുക്കിയിരുന്ന സംവിധാനം പൂര്‍ണ്ണമായി തകര്‍ന്നത്.
പഞ്ചായത്തിനെ കൊണ്ടു മാത്രം തകര്‍ന്ന് ഭാഗത്ത് നിര്‍മ്മാണം നടത്താന്‍ കഴിയില്ലെന്നും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും ഗ്രാമപഞ്ചായത്തംഗം ആവശ്യപ്പെട്ടു. കുറച്ച് കുറച്ചായി ഈ ഭാഗത്ത് മണ്ണിടിഞ്ഞ് പോകുന്നതാണ് ഒരുക്കിയിരുന്ന താല്‍ക്കാലിക സംവിധാനവും ഇപ്പോള്‍ പൂര്‍ണ്ണമായി തകരാന്‍ ഇടയാക്കിയിട്ടുള്ളത്. ഈ ഭാഗത്ത് ബലവത്തായ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് സുരക്ഷയും നടപ്പാതയും ഒരുക്കി നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം