മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു

മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനില്‍ ഇന്നലെ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചതായി വനംവകുപ്പ് അറിയിച്ചു .മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു ഇന്നലെ രാവിലെ കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്. ആനക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ച് വരുന്നതിനിടയില്‍ ഉച്ചക്ക് ശേഷം കുട്ടിയാന ചെരിഞ്ഞു.
ഈ ആനയുടെ പോസ്റ്റുമോര്‍ട്ട നടപടികളാണ് ഇന്ന് പൂര്‍ത്തീകരിച്ചത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ ദേവികുളത്ത് വച്ചായിരുന്നു കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ നടത്തിയത്. ആനയുടെ വിവിധ ആന്തരീകാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് മരണകാരണം കണ്ടെത്തുന്നതിനായി വിവിധ ലബോറട്ടറികളിലേക്ക് അയച്ചതായും വനംവകുപ്പ് വ്യക്തമാക്കി. കുട്ടിയാനയുടെ ആന്തരീകാവയവങ്ങള്‍ പെട്ടന്ന് പ്രവര്‍ത്തന രഹിതമായതായാണ് പോസ്റ്റുമോര്‍ട്ട നടപടികളില്‍ നിന്നും ലഭിക്കുന്ന സൂചന.
രോഗബാധയാണോ മറ്റെന്തെങ്കിലും കാരണമാണോ യാഥാര്‍ത്ഥ മരണകാരണമെന്നറിയണമെങ്കില് ലബോറട്ടറികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കണം. കുട്ടിയാന അവശനിലയില്‍ കിടന്നിരുന്നിടത്ത് രണ്ട് വലിയ ആനകള്‍ തമ്പടിച്ചിരുന്നു. ഈ ആനകള്‍ ഇവിടെ നിന്നും മാറിയ ശേഷമാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.