
മൂന്നാര്‍: ഇടമലക്കുടിയിലെ ഗോത്ര ജനതക്ക് അടച്ചുറപ്പുള്ള വീടുകള്‍ ഒരുങ്ങുകയാണ്. ലൈഫ് ഭവന പദ്ധതി പ്രകാരം 131 വീടുകളാണ് ഇടമലക്കുടിയില്‍ പൂര്‍ത്തിയായത്. ചോര്‍ന്നൊലിച്ചിരുന്ന കുടിലുകളില്‍ നിന്ന് അടച്ചുറപ്പുള്ള വീടുകളില്‍ വൈകാതെ അന്തിയുറങ്ങാന്‍ കഴിയുമെന്നതിന്റെ സന്തോഷത്തിലാണ് ഇടമലക്കുടിയിലെ 131 കുടുംബങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനാണ് ഗോത്രവര്‍ഗ നിവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്ന്നത്. വിദൂര ഗോത്രവര്‍ഗ്ഗ മേഖലയായ ഇടമലക്കുടിയിലെ 28 കുടികളിലും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള വീടുകള്‍ ഉയര്‍ന്നു കഴിഞ്ഞു.
131 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ 276 വീടുകള്‍ക്കാണ് കരാര്‍ ഏര്‍പ്പെട്ടത്. ലൈഫ് രണ്ടാം ഘട്ടത്തില്‍ 131 വീടുകളും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള അഡീഷണല്‍ ലിസ്റ്റിലുള്‍പ്പെടുത്തി 31 ഭവനങ്ങളും ലൈഫ് 2020 പദ്ധതി പ്രകാരം 110 വീടുകളുമാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 421 വീടാണ് ഇടമലക്കുടി പഞ്ചായത്തില്‍ ആകെ അനുവദിച്ചിട്ടുള്ളത്. 6.48 കോടി രൂപ ഇത് വരെ ഇടമലക്കുടി പഞ്ചായത്തില്‍ പദ്ധതിക്കായി ചെലവഴിച്ചു. കരാര്‍ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.