ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിക്കും

അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിക്കുമെന്ന് ലീഗ് നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
ദേശിയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടിട്ടുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗും പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്. രാവിലെ പത്തിനാണ് ദേശിയപാതയിലെ പ്രതിഷേധ സമരം. മുസ്ലിം ലീഗ് ജില്ലാ സംസ്ഥാന നേതാക്കള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്നും ലീഗ് നേതാക്കള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കപട പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ലേബിയും വനംവകുപ്പും ദേശിയപാതവികസനത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു.
പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. വനംവകുപ്പും പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ലോബിയും തന്ത്രപരമായ നടത്തിയ നീക്കത്തിന്റെ ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിഷയത്തില്‍ ദേശിയപാത സംരക്ഷണ സമിതി ഈ മാസം 31ന് ആഹ്വാനം ചെയ്തിട്ടുള്ള താലൂക്ക് ഹര്‍ത്താലിനും ലോംങ്ങ് മാര്‍ച്ചിനും മുസ്ലിം ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണെന്നും മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ആനച്ചാല്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി സൈനുദ്ദീന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ എ യൂനുസ്, ജില്ലാ പ്രവര്‍ത്തകസമിതി അംഗം ടി എം സിദ്ദീഖ്,നിയോജകമണ്ഡലം ട്രഷറര്‍ അനസ് ഇബ്രാഹിം,ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ജെബിഎം അന്‍സാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.