വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വാര്‍ഷിക പൊതുയോഗം നാളെ തൊടുപുഴയില്‍

അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വാര്‍ഷിക പൊതുയോഗവും കാരുണ്യം കുടുംബ സുരക്ഷ നിധി വിതരണവും നാളെ തൊടുപുഴയില്‍ നടക്കുമെന്ന് സംഘടനാ ജില്ലാ നേതൃത്വം അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ നാല്‍പ്പത്തഞ്ചാമത് വാര്‍ഷിക പൊതുയോഗമാണ് നാളെ നടക്കുന്നത്. തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം സംഘടനാ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വ്വഹിക്കും.
വ്യാപാരികള്‍ക്ക് ഒരു കൈത്താങ് എന്ന കാരുണ്യം കുടുംബ സുരക്ഷ നിധി വിതരണവും യോഗത്തില്‍ നടക്കും. ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി കുടുംബ സുരക്ഷ നിധി വിതരണം നിര്‍വഹിക്കും. മരണം അടഞ്ഞ 26 പേരില്‍ 22 പേര്‍ക്കുള്ള സഹായം ഈ പദ്ധതി പ്രകാരം കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ള 4 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ആറര ലക്ഷം രൂപ വീതം, 26 ലക്ഷം രൂപ യോഗത്തില്‍ ജില്ലാ കളക്ടര്‍ കൈമാറുമെന്നും സംഘടനാ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സംഘടനാ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ജില്ലാ ട്രെഡേഴ്സ് വെല്‍ ഫയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡയസ് പുല്ലന്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേലിനെ യോഗത്തില്‍ ആദരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിലും വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ ജില്ലാ ട്രഷറര്‍ ആര്‍. രമേശും അവതരിപ്പിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് പി. എം. ബേബി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ. ആര്‍. വിനോദ്, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ കോട്ടക്കകം തുടങ്ങി സംഘടനയുടെ വിവിധ ഭാരവാഹികള്‍ സംസാരിക്കുമെന്നും സംഘടനാ ജില്ലാ നേതൃത്വം അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.