KeralaLatest NewsLocal news

ഒന്നാം വാര്‍ഷികത്തിനരികെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി; ഉത്പാദിപ്പിച്ചത് 85.7 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി

ഉത്പാദനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ജില്ലയിലെ തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദനരംഗത്ത് നല്‍കിയത് മികച്ച സംഭാവന. 85.76465 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഇതിനകം പദ്ധതിയില്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 10നും രണ്ടാം നമ്പര്‍ ജനറേറ്റര്‍ സെപ്തംബര്‍ 30നുമാണ് ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചത്.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞ അളവില്‍ ജലം മതിയെന്നതാണ് തൊട്ടിയാര്‍ പദ്ധതിയുടെ പ്രത്യേകത. റണ്‍ ഓഫ് ദി റിവര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ സ്ഥാപിത ശേഷി 40 മെഗാവാട്ടും വാര്‍ഷികോല്‍പ്പാദനം ലക്ഷ്യമിടുന്നത് 99 ദശലക്ഷം യൂണിറ്റുമാണ്. 
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ മന്നാംകണ്ടം വില്ലേജിലാണ് തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ നീരൊഴുക്കാണ് പദ്ധതിയുടെ സ്രോതസ്.
ദേവിയാര്‍ പുഴയില്‍, വാളറയില്‍ 222 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ഉയരവുമുള്ള കോണ്‍ക്രീറ്റ് തടയണ നിര്‍മ്മിച്ച് 60 മീറ്റര്‍ നീളമുള്ള ഒരു കനാല്‍വഴി ജലം തിരിച്ച് വിട്ട് കുതിരകുത്തി മലയിലെ 2.60 മീറ്റര്‍ വ്യാസവും 199 മീറ്റര്‍ നീളവുമുള്ള തുരങ്കത്തില്‍ എത്തിക്കുന്നു. അവിടെ നിന്നും 1252 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് വഴി കടത്തിവിട്ട് പെരിയാര്‍ നദിയുടെ വലതുകരയില്‍ സ്ഥാപിച്ച വൈദ്യുതി നിലയത്തില്‍ എത്തിച്ച് 10 മെഗാവാട്ടും 30 മെഗാവാട്ടും ശേഷിയുള്ള ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം നടത്തുന്നു. അതിനു ശേഷം ജലം പെരിയറിലേക്ക് തന്നെ ഒഴുക്കി വിടുന്നു. 
പദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലോവര്‍ പെരിയാര്‍ തൊട്ടിയാര്‍ ഫീഡറിലേക്കും തൊട്ടിയാര്‍-ചാലക്കുടി ഫീഡറിലേക്കും എത്തിക്കുന്നു. കൂടാതെ പെരിയാര്‍ നദിക്ക് കുറുകെ നീണ്ടപാറയ്ക്ക് സമീപത്തായി 110 മീറ്റര്‍ നീളമുള്ള പാലവും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതിക്കായി 23.05 ഹെക്ടര്‍ സ്ഥലം ആവശ്യമായി വന്നു.
ജലസമൃദ്ധിയാല്‍ അനുഗ്രഹീതമായ സംസ്ഥാനത്തിന് തികച്ചും അനുയോജ്യമായത് ജലവൈദ്യുത പദ്ധതികളാണ്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വൈദ്യുത ഉപഭോഗം മുന്നില്‍ കണ്ടുകൊണ്ടും വികസന രംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായും ഗുണമേന്മയുള്ള ചിലവുകുറഞ്ഞ ജലവൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വ്കുപ്പ് അധികൃതര്‍ പറഞ്ഞു. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് വിവിധ ജലവൈദ്യുത പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. അത്തരത്തില്‍ ആവിഷ്‌കരിച്ച് നിര്‍മ്മിച്ച ജലവൈദ്യുത പദ്ധതിയാണ് തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി. 188 കോടി രൂപയാണ് തൊട്ടിയാര്‍ പദ്ധതിയുടെ ആകെ നിര്‍മ്മാണച്ചെലവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!