മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിച്ചു

അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ അടിമാലി ഇരുമ്പുപാലത്ത് ദേശിയപാത ഉപരോധിച്ചു. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ദേശിയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടിട്ടുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം ലീഗും പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്.
ലീഗ് ഹൗസില്‍ നിന്നും പ്രതിഷേധ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഇരുമ്പുപാലം ടൗണില്‍ വഴി തടഞ്ഞു. ഉപരോധ സമരം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിം ഉദ്ഘാടനം ചെയ്തു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധ സമരത്തില്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ആനച്ചാല്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ്, ടി കെ നവാസ്, എം ബി സൈനുദ്ദീന്‍, വി എം റസാഖ്, കെ എസ് അബ്ദുള്‍ കലാം, അനസ് ഇബ്രാഹിം തുടങ്ങി നിരവധി ലീഗ് നേതാക്കള്‍ സമരത്തില്‍ സംസാരിച്ചു.
നിരവധി പ്രവര്‍ത്തകര്‍ സമരത്തിന്റെ ഭാഗമായി. വനംവകുപ്പും പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ലോബിയും തന്ത്രപരമായ നടത്തിയ നീക്കത്തിന്റെ ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും പ്രശ്ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.