മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തു

മൂന്നാര്‍: മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ട മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തു. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ച പുലര്‍ച്ചെയുമായിട്ടായിരുന്നു മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ദേശിയപാതയിലേക്ക് വലിയ തോതില്‍ കല്ലും മണ്ണും ഇടിഞ്ഞെത്തി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു.
സംഭവ ശേഷം രണ്ട് ദിവസത്തെ ശ്രമം കൊണ്ട് വാഹനങ്ങള്‍ കടന്നു പോകാനുള്ള വീതിയില്‍ റോഡിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് നീക്കം ചെയ്തു. മണ്ണ് നീക്കിയെങ്കിലും ദേശിയപാത യാത്രക്കായി തുറന്നു നല്‍കിയിട്ടില്ല. ജിയോളജി വിഭാഗം മണ്ണിടിഞ്ഞ പ്രദേശത്ത് പരിശോധന നടത്തി.മഴ പെയ്ത് വെള്ളമിറങ്ങിയാല്‍ പ്രദേശത്തിനിയും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതായി സംഘം വിലയിരുത്തല്‍ നടത്തിയതായാണ് വിവരം.
കൂടുതല്‍ മണ്ണിനി പ്രദേശത്ത് നിന്ന് നീക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയതായി സൂചനയുണ്ട്. മഴ മാറി നില്‍ക്കുന്ന സാഹചര്യമെങ്കില്‍ അടുത്ത ദിവസം തന്നെ ഇതു വഴി വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങുമെന്നാണ് വിവരം. മഴ മുന്നറിയിപ്പുണ്ടായാല്‍ വീണ്ടും ഇതുവഴിയുള്ള യാത്ര നിയന്ത്രിക്കും. പ്രദേശത്ത് അതീവ ജാഗ്രതയോടെയാണ് ഇടിഞ്ഞെത്തിയ മണ്ണ് നീക്കുന്ന ജോലികള്‍ നടത്തിയത്.2018ലും മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം സമാന രീതിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.