
അടിമാലി: കുട്ടികളുമായി സ്‌കൂളിലേക്ക് പോയ സ്‌കൂള്‍ ബസ് റോഡിലെ കുഴിയില്‍ താഴ്ന്നു. കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ബസാണ് കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡില്‍ താഴ്ന്ന് പോയത്. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പീച്ചാട് പ്ലാമല റോഡില്‍ പീച്ചാട് ടൗണിന് സമീപമാണ് സംഭവം നടന്നത്. മാങ്കുളം, കുരിശുപാറ, പീച്ചാട് മേഖലകളില്‍ നിന്നും എളുപ്പത്തില്‍ അടിമാലിയിലേക്കെത്താന്‍ സഹായിക്കുന്ന പീച്ചാട് പ്ലാമല കുരങ്ങാട്ടി റോഡിന്റെ ഭാഗമാണിവിടം.
ഈ റോഡില്‍ പീച്ചാട് മുതല്‍ പ്ലാമല വരെയുള്ള ഏതാനും കിലോമീറ്റര്‍ ദൂരം നാളുകളേറെയായി തകര്‍ന്ന് കിടക്കുകയാണ്. റോഡില്‍ വലിയ കിടങ്ങുകളും വെള്ളക്കെട്ടും രൂപം കൊണ്ടിട്ടുള്ള സ്ഥിതിയുണ്ട്. റോഡ് യാത്രയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് ബുധനാഴ്ച്ച രാവിലെ റോഡിലെ കുഴിയില്‍ താഴ്ന്നത്. സംഭവ ശേഷം കുട്ടികളെ ബഥല്‍ യാത്രാ മാര്‍ഗ്ഗമൊരുക്കി സ്‌കൂളിലെത്തിച്ചു. സ്‌കൂള്‍ ബസ് വഴിയില്‍ അകപ്പെട്ടതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതവും നിലച്ചു
സ്വകാര്യ ബസും, ആംബുലന്‍സുകളും, നിരവധി വിനോദ സഞ്ചാര വാഹനങ്ങളുമൊക്കെ ദിവസവും കടന്നു പോകുന്ന വഴിയാണിത്. കുഴികളില്‍ ചാടി വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നതും പതിവ് സംഭമാണ്. ഇതിനൊപ്പമാണ്് മുമ്പോട്ട് നീങ്ങാനാവാത്ത വിധം സ്‌കൂള്‍ ബസിന്റെ ടയര്‍ റോഡിലെ ചെളിയില്‍ താഴ്ന്ന് പോയത്.