
മാങ്കുളം: മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് വനംവകുപ്പിന് കീഴില്‍ വിരിപാറക്ക് സമീപം പ്രവര്‍ത്തിക്കുന്ന ടൈഗര്‍ കേവ്. പ്രക്യതി നിര്‍മ്മിത കാഴ്ച്ചകളാണ് ടൈഗര്‍കേവ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. മഴക്കാലമാരംഭിച്ചിട്ടും ടൈഗര്‍കേവിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കിന് കുറവില്ല. മധ്യവേനലവധിക്കാലത്ത് ഒരു മാസം അഞ്ച് ലക്ഷത്തിനടുത്തായിരുന്നു ടൈഗര്‍കേവിലെ വരുമാനം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് സഞ്ചാരികളില്‍ അധികവും.

പൂര്‍ണ്ണമായി ഇക്കോ ഫ്രണ്ട്ലിയാണ് ടൈഗര്‍ കേവ്. പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും നടപ്പാതയുമൊക്കെ പ്രകൃതിയോടിണങ്ങി നില്‍ക്കുന്നത് തന്നെ. മുളങ്കാട് തണല്‍ തീര്‍ക്കുന്ന പ്രവേശന കവാടം പിന്നിട്ടാല്‍ പുഴക്കു കുറുകെ തീര്‍ത്തിട്ടുള്ള തൂക്കുപാലത്തില്‍ കയറിയാണ് ടൈഗര്‍ കേവിലേക്കുള്ള യാത്ര.ഈറ്റകള്‍ക്കിടയിലൂടെയാണ് നടപ്പാത. എവിടെയും തെല്ലും കൃത്രിമത്വമില്ല. എല്ലാം പ്രകൃതിയൊരുക്കിയതുപോലെ തന്നെ.കാനന കാഴ്ച്ചകള്‍ കണ്ടങ്ങനെ മുമ്പോട്ട് നടക്കുമ്പോള്‍ ടൈഗര്‍കേവിന്റെ പ്രവേശനകവാടമാകും. പാറക്കെട്ടുകള്‍ക്കിടയിലെ ഗുഹാമുഖവും കടന്ന് മുമ്പോട്ട് പോകാം.

പാറക്കെട്ടിറങ്ങിയെത്തുന്നത് വിസ്താരമേറെയുള്ള ടൈഗര്‍ കേവിലേക്കാണ്. പ്രകൃതിതന്നെയൊരുക്കിയിട്ടുള്ള പാറക്കെട്ടുകള്‍ കാണുമ്പോള്‍ തെല്ലൊരത്ഭുതത്തിനും വഴിയൊരുങ്ങും.പ്രകൃതിയുടെ തനിമ അതേപടി നിലനിര്‍ത്തിയാണ് ടൈഗര്‍കേവിലെ വിനോദസഞ്ചാരം. അമ്പത് രൂപയാണ് വനംവകുപ്പിവിടെ പ്രവേശനഫീസ് ഈടാക്കുന്നത്. മാങ്കുളത്തേക്ക് ട്രക്കിംഗിനും മറ്റുമായി എത്തുന്ന സഞ്ചാരികള്‍ ടൈഗര്‍കേവിലുമെത്തി മടങ്ങുന്നു.