ദേവികുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപം റോഡിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കി സുരക്ഷാഭിത്തി നിര്‍മ്മിക്കണം

മൂന്നാര്‍: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ദേവികുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപം കഴിഞ്ഞ മഴക്കാലത്ത് റോഡരികിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കി പ്രദേശത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് സുരക്ഷയൊരുക്കുന്ന നടപടി എങ്ങുമെത്തിയില്ല.
കഴിഞ്ഞ മഴക്കാലത്തായിരുന്നു ദേശിയപാതയില്‍ ദേവികുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായത്. പാതയോരത്തു നിന്നും വലിയ തോതില്‍ മണ്ണും ഒപ്പം മരങ്ങളും റോഡിലേക്ക് ഇടിഞ്ഞ് ചാടുകയായിരുന്നു.
പാതയോരത്തേക്കാണ് മണ്ണ് ഇടിഞ്ഞെത്തിയത് എന്നതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ല. പക്ഷെ മാസങ്ങള്‍ പിന്നിട്ട് അടുത്ത മഴക്കാലമെത്തിയിട്ടും പാതയോരത്ത് ഇടിഞ്ഞ് കിടക്കുന്ന മണ്ണ് പൂര്‍ണ്ണമായി നീക്കുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് സുരക്ഷയൊരുക്കുന്നതിനും നടപടി ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ പ്രദേശത്ത് മുമ്പ് പരിശോധന നടത്തുകയും നീക്കേണ്ടുന്ന മണ്ണ് സംബന്ധിച്ച് കണക്കെടുക്കുകയുമൊക്കെ ചെയ്തിരുന്നു.
കുറച്ച് മണ്ണ് നീക്കുകയും ചെയ്തു.നിര്‍മ്മാണ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. എന്നാല്‍ തുടര്‍ നടപടികള്‍ ഇഴഞ്ഞതോടെ റോഡരികില്‍ ഇടിഞ്ഞ് കിടക്കുന്ന ശേഷിക്കുന്ന മണ്ണ് ഒലിച്ചിറങ്ങി റോഡിന് മധ്യഭാഗം വരെയെത്തുന്ന സ്ഥിതിയാണ്. നിര്‍മ്മാണം നടത്തി സുരക്ഷയൊരുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.
മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് റോഡിന് താഴ്ഭാഗത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഈ കുടുംബങ്ങളോട് വേണ്ടി വന്നാല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിന് മുകള്‍ ഭാഗത്ത് വിള്ളല്‍ സംഭവിച്ചതും കഴിഞ്ഞ മഴക്കാലത്ത് ആശങ്ക വര്‍ധിപ്പിച്ചു. സംരക്ഷണ ഭിത്തി നിര്‍മ്മാണം നടക്കാത്തതിനാല്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പ്രദേശത്തിനിയും മണ്ണിടിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാല്‍ ഈ ഭാഗത്ത് റോഡിന് കൂടുതല്‍ മര്‍ദ്ദം താങ്ങേണ്ടതായും വരും.