
മൂന്നാര്‍: മൂന്നാറില്‍ പടയപ്പയുമായുള്ള ഏറ്റുമുട്ടലില്‍ കാലിന് മുറിവേറ്റ ഒറ്റക്കൊമ്പന് പൂര്‍ണ്ണ ആരോഗ്യവാനെന്ന് വിദഗ്ത സംഘത്തിന്റെ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററനറി ഓഫിസര്‍ ഡോ. ആര്.അനുരാജ്, ഡോ.എന്‍ അനുമോദ്, ഡോ. ബിനോയി സി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ആനയെ നിരീക്ഷിച്ച ശേഷം ഡിഎഫ്ഒക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഫെബ്രുവരി ആദ്യവാരമാണ് കന്നിമല ടോപ് ഡിവിഷനില്‍ വച്ച് പടയപ്പയുമായുള്ള ഏറ്റുമുട്ടലില്‍ ഒറ്റക്കൊമ്പന്റെ കാലില്‍ ആഴത്തില്‍ മുറിവേറ്റത്. വിദഗ്ത സംഘം നടത്തിയ നിരീക്ഷണത്തില്‍ ഒറ്റക്കൊമ്പന്റെ മുന്‍കാലിലെ മുറിവിന് 40 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ളതായി കണ്ടെത്തി. മുറിവ് ഉണങ്ങി തുടങ്ങിയതായും ഭക്ഷണം കഴിക്കുന്നതിനും സഞ്ചരിക്കുന്നതിനും വിഷമതകള്‍ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കാലിലെ മുറിവ് പൂര്‍ണ്ണമായി ഉണങ്ങുന്നതു വരെ ആനയെ നിരീക്ഷിക്കാന്‍ പെട്ടിമുടി ആര്‍ആര്‍ടി ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നടത്തിയ നിരീക്ഷണത്തില്‍ ഒറ്റകൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കല്ലാര്‍,കടലാര്‍,ചോലമല,നല്ലതണ്ണി തുടങ്ങി സ്ഥലങ്ങളിലേക്ക് ആരോഗ്യവാനായി കിലോ മീറ്ററുകള്‍ സഞ്ചരിച്ചതായി കണ്ടെത്തി. കാലിന് ഗുരുതരമായി പരുക്കേറ്റ ഒറ്റക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിച്ച് വിദഗ്ത ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മൃഗ സ്നേഹികളുടെ സംഘടനയായ വോക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ ആനിമല്‍ അഡ് വോക്കസി എന്ന സംഘടന ഒരാഴ്ച്ച മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.