വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് കുരങ്ങാട്ടിയില്‍ യുവാക്കളുടെ വേറിട്ട പ്രതിഷേധം

മാങ്കുളം: അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കത്തില്‍ പ്രതിഷേധിച്ച് കുരങ്ങാട്ടിയില്‍ യുവാക്കളുടെ വേറിട്ട പ്രതിഷേധം. പ്രദേശത്തെ വീടുകളില്‍ സൗജന്യമായി മെഴുകിതിരി പായ്ക്കറ്റുകള്‍ വിതരണം ചെയ്തും കുരങ്ങാട്ടി ജംഗ്ഷനില്‍ റോഡരികില്‍ നൂറുകണക്കിന് മെഴുകുതിരികള്‍ കത്തിച്ചുമായിരുന്നു പ്രതിഷേധം നടന്നത്. രാപകല്‍ വ്യത്യാസമില്ലാതെ അടിക്കടിയുള്ള വൈദ്യുതി മുടക്കത്താല്‍ പൊറുതി മുട്ടിയതോടെയായിരുന്നു കുരങ്ങാട്ടി മേഖലയിലെ യുവാക്കള്‍ ഇത്തരത്തില്‍ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രദേശത്തെ വീടുകളില്‍ സൗജന്യമായി മെഴുകുതിരി പായ്ക്കറ്റുകള്‍ വിതരണം ചെയ്തതിനൊപ്പം കുരങ്ങാട്ടി ജംഗ്ഷനില്‍ റോഡരികില്‍ നൂറുകണക്കിന് മെഴുകുതിരികള്‍ കത്തിച്ചും പ്രതിഷേധം നടന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്താല്‍ തങ്ങള്‍ പൊറുതിമുട്ടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ആദിവാസി വിഭാഗക്കാരായ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശംകൂടിയാണ് കുരങ്ങാട്ടി. ഈ മേഖലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം ഇല്ലാത്തതിനാല്‍ കേബിള്‍ നെറ്റ് വര്‍ക്ക് സംവിധാനം ഉപയോഗിച്ചാണ് ആളുകള്‍ ആശയവിനിമയം നടത്തുന്നത്. വൈദ്യുതി പോകുന്നതോടെ ആശയവിനിമയ മാര്‍ഗ്ഗം വഴിയടയും. പ്രദേശത്ത് സ്കൂള്‍, റേഷന്‍കട, ചികിത്സാ കേന്ദ്രങ്ങള്‍ ഒക്കെയും പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഇവയുടെയെല്ലാം പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വന്യജീവി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണിവിടം. രാത്രികാലത്തെ വൈദ്യുതി മുടക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അടിക്കടി വൈദ്യുതി മുടങ്ങാനുള്ള കാരണം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്ത പക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് തങ്ങള്‍ ഉപഭോക്ത്യ കോടതിയെ സമീപിക്കുമെന്നും യുവാക്കള്‍ മുന്നറിയിപ്പു നല്കുന്നു.