മുസ്ലിം ലീഗ് വെള്ളത്തൂവല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ വികസനമുരടിപ്പെന്നാരോപിച്ചും മാലിന്യപരിപാലന പദ്ധതിയിലടക്കം എല്‍ ഡി എഫ് ഭരണസമിതി അഴിമതി നടത്തുന്നുവെന്നാരോപിച്ചും മുസ്ലിം ലീഗ് വെള്ളത്തൂവല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ഉദ്ഘാടനം ചെയ്തു.
എല്‍ ഡി എഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി വിവിധ പദ്ധതികളില്‍ ക്രമക്കേട് നടത്തിയിരിക്കുന്നുവെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. മാലിന്യ പരിപാലന പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടും അഴിമതി നടന്നിട്ടുണ്ട്. പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യവികസന വര്‍ധനവിനായി കഴിഞ്ഞ ഒമ്പതരവര്‍ഷക്കാലമായി പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി യാതൊന്നും ചെയ്തിട്ടില്ലെന്നും പ്രതിഷേധ സമരത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കലാം അധ്യക്ഷത വഹിച്ചു. ലീഗ് താലൂക്ക് പ്രസിഡന്റ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രവര്‍ത്തകസമതിയംഗം അനീഫ അറക്കല്‍,റസാഖ് വെട്ടിക്കാട്ട്, അമാന്‍ പള്ളിക്കര,റ്റി എം സിദ്ദിഖ്, കെ എ യുനുസ്, അനസ് കോയാന്‍, ഷഫീക്ക് പനക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും നിരവധി ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.