
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ സാന്നിധ്യം തൊഴിലാളി കുടുംബങ്ങള്‍ക്ക് വലിയ തലവേദനയാവുകയാണ്. മഴക്കാലമാരംഭിച്ച് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും വര്‍ധിച്ചിട്ടും കാട്ടുകൊമ്പന്‍ കാടുകയറാന്‍ തയ്യാറായിട്ടില്ല. ജനവാസമേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ കൃഷി നാശം വരുത്തി. നിലവില്‍ കാട്ടാന കുണ്ടള ചെണ്ടുവര എസ്റ്റേറ്റ് മേഖലയിലൂടെയാണ് ചുറ്റിത്തിരിയുന്നത്.
ചെണ്ടുവര എസ്റ്റേറ്റിലെത്തിയ കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി. അതേ സമയം മൂന്നാറിലെ ജനവാസമേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പതിവായി എസ്റ്റേറ്റ് മേഖലകളിലൂടെ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പന്‍ ആളുകളുടെ സ്വരൈ്യ ജീവിതത്തിന് തടസ്സമാകുന്നുവെന്നാണ് പരാതി. അപ്രതീതീക്ഷിതമായി ആനയുടെ മുമ്പില്‍പ്പെടുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.
മുമ്പ് മഴക്കാലങ്ങളില്‍ കാട് കയറിയിരുന്ന കാട്ടുകൊമ്പന്‍ വേനല്‍ക്കാലത്തായിരുന്നു ജനവാസ മേഖലയില്‍ തിരികെയെത്തി തീറ്റതേടിയിരുന്നത്. ആനയുടെ ഈ പ്രവണതക്കിപ്പോള്‍ മാറ്റം വന്നു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോള്‍ ഇടക്കിടെ ആക്രമണം സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇതും തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു.