Education and careerKeralaLatest News

സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്.സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അംഗീകരിക്കാവുന്ന തരത്തിലാവും മാറ്റം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ പഠന ശേഷമാകും തീരുമാനം. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആലോചന.

എല്ലാ വിഭാഗം വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ പൊതു മാനദണ്ഡമായിരിക്കും നടപ്പിലാക്കുക. അതേസമയം, ബിജെപി നേതാവിന് പാദപൂജ ചടങ്ങ് നടത്തിയ ആലപ്പുഴ നൂറനാട് വിവേകാനന്ദ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും. മാവേലിക്കര വിദ്യാധിരാജ സ്‌കൂളിലേക്ക് എ ഐ എസ് എഫും പ്രതിഷേധ മാര്‍ച്ച് നടത്തും. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന് വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ചിനെ പ്രതിരോധിക്കുമെന്നാണ് ബിജെപിയുടെ നിലപാട്. സ്‌കൂളിന് സംരക്ഷണം നല്‍കുമെന്നും ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പാദപൂജയിൽ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. സംസ്കാര ശൂന്യമായ പ്രവൃത്തിയെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മതനിരപേക്ഷതയുടെ പാരമ്പര്യമുള്ള കേരളത്തില്‍ പാദപൂജ നടക്കാന്‍ പാടില്ലെന്നും പാദ പൂജയും ഗുരുഭക്തിയും രണ്ടാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!