
ഇടുക്കി പീരുമേട്ടിൽ വീണ്ടും ജനവാസ മേഖലയിൽ നാശം വിതച്ച് കാട്ടാനകൾ. വനംവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. പുതിയ ആർ.ആർ.ടിയെ നിയമിക്കുമെന്ന വനംമന്ത്രിയുടെ വാക്കും പാഴായി. ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ പീരുമേട് ഓട്ടപ്പാലം നിവാസികൾക്ക് തലവേദനയാവുകയാണ്. വനംവകുപ്പിൽ വിവരമറിയിച്ചാലും കാട്ടാനകളുണ്ടാക്കുന്ന കൃഷി നാശം തടയാൻ സാധിക്കാറില്ല. ഇതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
രണ്ടുമാസം മുമ്പ് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ സീത മരിച്ചതും സമീപ പ്രദേശത്താണ്. ഇതോടെ പകൽ സമയത്ത് തോട്ടത്തിൽ ജോലിക്ക് പോകാൻ പോലും ഭയമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മേഖലയിൽ വൈദ്യുത വേലി സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള മേഖലയിൽ അടിയന്തരമായി സുരക്ഷയൊരുകണമെന്നാണ് നാട്ടുകാരുടെ ആവശ്യം