
അടിമാലി: കോടതി വിധിയും തുടര്‍ പ്രതിസന്ധിയും രൂപം കൊണ്ടതോടെ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികള്‍ നിലച്ചത് ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രികര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഹൈറേഞ്ച് നിവാസികള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങളെ വലിയ പ്രതീക്ഷയോടെയായിരുന്നു നോക്കികണ്ടിരുന്നത്.
നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയതോടെ വൈകാതെ ഇതുവഴി സുഗമമായ യാത്ര സാധ്യമാകുമെന്ന് യാത്രക്കായി ഈ വഴിയെ ആശ്രയിക്കുന്നവര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ നിനച്ചിരിക്കാതെ ഉണ്ടായ കോടതി ഇടപെടലും തുടര്‍ പ്രതിസന്ധികളും നേര്യമംഗലം വനമേഖലയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രികരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാറ്റും മഴയും ഉണ്ടായാല്‍ ആശങ്കയോടെ മാത്രമെ ഇതുവഴി യാത്ര ചെയ്യാനാകു.
സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി റോഡരികിലെ മണ്ണ് നീക്കിയതോടെ ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയില്‍ ചെറുതും വലുതുമായ നിരവധി മരങ്ങള്‍ നില്‍പ്പുണ്ട്. പലയിടത്തും മുറിച്ച മരങ്ങള്‍ റോഡില്‍ തന്നെ കിടക്കുന്നു. നിലവില്‍ ഇതുവഴിയുള്ള യാത്ര മുമ്പത്തെക്കാള്‍ ആശങ്ക നിറഞ്ഞതായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ മേഖലയില്‍ റോഡ് നിര്‍മ്മാണം എന്ന് പുനരാരംഭിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടന്നുവെങ്കിലും വിഷയത്തില്‍ കാര്യമായ മുമ്പോട്ട് പോക്കുണ്ടായിട്ടില്ല. മഴ മാറി മൂന്നാറിന്റെ വിനോദ സഞ്ചാര സീസണ്‍ സജീവമാകുന്നതോടെ നേര്യമംഗലം വനമേഖലയില്‍ ഗതാഗതകുരുക്കും രൂപം കൊള്ളും. മുന്‍ കാലങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സ്ഥിതിയുമുണ്ടായി. റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ കോടതിയില്‍ നിന്നും അനുകൂല നിലപാടിനായുള്ള ശ്രമം ശക്തമാക്കണമെന്നാണ് ആവശ്യം.