മൂന്നാറില്‍ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം നടന്നു

മൂന്നാര്‍: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം നടന്നു. മൂന്നാറിലെ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍സ് മൂന്നാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ റെയിന്‍ ഫോര്‍ട്ടി പെനാല്‍റ്റി ഷൂട്ടൗട്ട് ഫുട്ബോള്‍ മത്സരം മൂന്നാറില്‍ നടന്നത്.
പഴയ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ മൂന്നാമത്തെ സീസണിലാണ് ഇത്തവണ മത്സരങ്ങള്‍ നടന്നത്. മത്സരത്തില്‍ മൂന്നാര്‍ നെല്‍സണ്‍ ബോയ്‌സ് വിജയികളായി. രണ്ടാം സ്ഥാനം ബീച്ച് ഫുട്‌ബോള്‍ കൊച്ചിയും മൂന്നും നാലും സ്ഥാനങ്ങള്‍ യഥാക്രമം വര്‍ക്ക് ഷോപ്പ് റിക്രിയേഷന്‍ ക്ലബ്ബും മൂന്നാര്‍ സിഗ്‌നേച്ചറും കരസ്ഥമാക്കി. എം എം മണി എംഎല്‍എ മത്സരങ്ങള്‍ കിക്കോഫ് ചെയ്തു.
സമാപന സമ്മേളനത്തില്‍ എ രാജ എം എല്‍എ, മൂന്നാര്‍ ഡി വൈ എസ് പി അലക്സ് ബേബി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മികച്ച ഗോള്‍കീപ്പറിനുള്ള മേരി തോമസ് മെമ്മോറിയല്‍ അവാര്‍ഡ് വര്‍ക്ക് ഷോപ്പ് റിക്രിയേഷന്‍ ക്ലബ്ബിലെ ഗോഡ്വിനും മികച്ച ഷൂട്ടര്‍ അവാര്‍ഡ് നെല്‍സണ്‍ ബോയ്‌സിലെ അജിത്തും കരസ്ഥമാക്കി. പ്രോഗ്രാം കണ്‍വീനര്‍ ലിജി ഐസക്, പ്രോഗ്രാം ചെയര്‍മാന്‍ കെ കെ വിജയന്‍, കെഡിഎച്ച്പി കമ്പനി വൈസ് പ്രസിഡന്റ് ബി പി കരിയപ്പ, ഗ്രീന്‍സ് പ്രസിഡന്റ് കെ എ മജീദ്, സെക്രട്ടറി ജി സോജന്‍, സിപിഎം മൂന്നാര്‍ ഏരിയ സെക്രട്ടറി ആര്‍ ഈശ്വരന്‍, സി ചന്ദ്രപാല്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ഭവ്യ എന്നിവര്‍ സംസാരിച്ചു.
അയല്‍ സംസ്ഥാനത്തുനിന്നുള്‍പ്പെടെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്ന്, രണ്ട്,മൂന്ന്,നാല് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 30000, 20000, 10000, 5000 രൂപാ വീതവും കൂടാതെ വ്യക്തിഗത സമ്മാനങ്ങളും ട്രോഫികളും സമ്മാനിച്ചു.