
അടിമാലി: ജലസമൃദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ മൂന്നാറിലേക്ക് സഞ്ചരിക്കുന്നവരുടെ ശ്രദ്ധകവരുന്നതാണ് തട്ട് തട്ടായി താഴേക്ക് പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം. വേനലിന് ശേഷം മണ്‍സൂണ്‍ എത്തിയതോടെ വറ്റി വരണ്ട് കിടന്നിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സജീവമായി. ഇത്തവണ വേനല്‍മഴയാരംഭിച്ച മെയ് മാസം മുതല്‍ ചീയപ്പാറ വെള്ളച്ചാട്ടം ജലസമൃദ്ധമായിരുന്നു.
ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ചീയപ്പാറയില്‍ ഇറങ്ങി ജലപാതത്തിന്റെ ഭംഗിയാസ്വദിച്ച് കടന്ന് പോകുന്നത്. വിദേശ വിനോദ സഞ്ചാരികളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുമൊക്കെയാണ് അധികവും ജലപാതത്തിന്റെ ഭംഗിയാസ്വദിക്കാന്‍ ചീയപ്പാറയില്‍ ഇറങ്ങുന്നത്. പച്ചപ്പിന് നടുവിലാണ് ചീയപ്പാറ ജലസമൃദ്ധി തീര്‍ക്കുന്നത്.
സഞ്ചാരികളുടെ തിരക്കാരംഭിച്ചതോടെ വെള്ളച്ചാട്ടങ്ങളുമായി ചേര്‍ന്ന് നിന്നിരുന്ന വ്യാപാര സമൂഹവും സജീവമാണ്. വേനലില്‍ പൂര്‍ണ്ണമായി വറ്റി വരളും വരെ ചീയപ്പാറ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ ഈ തിരക്ക് തുടരും.