
മൂലമറ്റം: കാഞ്ഞാർ- പുള്ളിക്കാനം- വാഗമൺ റോഡിൽ കുമ്പങ്കാനം (ചാത്തൻപാറ) വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് തടയുന്നതിന് സുരക്ഷാവേലിയുടെ നിർമാണം തുടങ്ങി. ഈ ഭാഗത്ത് അപകടവും മരണവും പതിവായതോടെയാണ് സർക്കാർ നടപടി. ഇവിടെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. വ്യൂ പോയിന്റിന്റെ 170 മീറ്ററിലാകും സുരക്ഷാവേലി വരുക. ആളുകൾ തെന്നിവീഴാതിരിക്കാൻ ടൈൽ വിരിക്കും. കോൺക്രീറ്റിങ്ങുമുണ്ടാകും. ആകെ 17 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തുക.
ഈ വ്യൂപോയിന്റിൽ ഇതിനകം പത്തുപേർ കാൽ തെറ്റി കൊക്കയിൽ വീണ് മരിച്ചു. ഈ വർഷം ഇതുവരെ മൂന്നുപേർ കൊക്കയിൽ വീണു. രണ്ടുപേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുൻ വൈദ്യുതി ബോർഡ് എൻജിനീയർ തോബിയാസ് ചാക്കോ(58) ആണ് കഴിഞ്ഞമാസം കൊക്കയിൽവീണ് മരിച്ചത്. പുതുവത്സരമാഘോഷിക്കാനെത്തിയ എബിൻ മാത്യു(26)വും ഇതേ സ്ഥലത്ത് മരിച്ചു. കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട തൊടുപുഴ വെങ്ങല്ലൂർ സ്വദേശി വിഷ്ണു എസ്.നായരെ (32) അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 500 അടിയിലേറെ ആഴമുള്ള അഗാധമായ കൊക്കയാണ് ഈ വ്യൂപോയിൻറ്. ഇവിടെനിന്നാൽ സമീപപ്രദേശങ്ങളെല്ലാം കാണാനാകും രാത്രിസമയത്ത് ഈ കാഴ്ച അതി മനോഹരമാണ്. ഇവിടെ ആളുകൾ അപകടത്തിൽപ്പെടുന്നതും രാത്രിസമയമാണ്.