
പ്രമേഹ ബാധിതര്‍ കഴിക്കുന്ന ഡയറ്റ് സോഡ സുരക്ഷിതമല്ലെന്ന് പഠനം. ഡയറ്റ് സോഡ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം 38 ശതമാനം വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല, ആര്‍എംഐടി സര്‍വകലാശാല, കാന്‍സര്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ പഠനം നടത്തിയത്. ഇതിനായി 14 വര്‍ഷത്തോളം 36,000 ഓസ്‌ട്രേലിയന്‍ പൗരനമാരെ ഇവര്‍ നിരീക്ഷിച്ചിരുന്നു. പ്രൊഫസര്‍ ബാര്‍ബറ ഡി കോര്‍ടെന്‍, അസോസിയേറ്റ് പ്രൊഫസര്‍ അലിസണ്‍ ഹോഡ്ജ്, പിഎച്ച്ഡി വിദ്യാര്‍ഥി റോബെല്‍ ഹസ്സന്‍ കബ്തിമെര്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് ബദലല്ല, കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളെന്ന് ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഡയറ്റ് സോഡയും പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെ കുറിച്ച് പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രമേഹമുള്ളവര്‍ക്ക് സാധാരണയായി ഇത്തരത്തില്‍ കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളാണ് നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ കൃത്രിമ മധുരവും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് വലിയ ആശങ്കയിലേക്കാണ് വഴി തുറന്നിട്ടുള്ളത്.
ദിവസം ഒന്നോ അതില്‍ കൂടുതലോ മധുരപാനീയങ്ങള്‍ കുടിക്കുന്നത് ടൈപ്പ് ടു പ്രമേഹം വര്‍ധിക്കുന്നതിന് കാരണമാകും. പഞ്ചസാര ചേര്‍ത്ത പാനീയവും പ്രമേഹവും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടെങ്കിലും അമിതഭാരം നിയന്ത്രിച്ച ശേഷവും പ്രമേഹവും കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങളും ഉപാപചയപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകത്താകെ 500 മില്യണ്‍ ആളുകള്‍ ടൈപ്പ് 2 പ്രമേഹ ബാധിതരാണെന്നാണ് കണക്ക്.