
മൂന്നാര്‍: മറയൂര്‍ മേഖലയില്‍ ചക്കക്കൊമ്പനെന്ന പേരുള്ള കാട്ടാനയുടെ ആക്രമണം. മറയൂര്‍ ടൗണില്‍ പെട്രോള്‍ പമ്പ് ജംഗ്ഷനോട് ചേര്‍ന്ന് കിടക്കുന്ന 200 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ബാബു നഗര്‍ ഗ്രാമത്തിനുള്ളിലാണ് കാട്ടാനയെത്തിയത്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ചക്ക ഭക്ഷിച്ച കാട്ടാന നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് കേടുപാടുകള്‍ വരുത്തി.
രാത്രി 8 മണിയോടെ ഗ്രാമത്തിനുള്ളില്‍ കയറിയ ചക്കക്കൊമ്പനെ 10 മണിയോടെ മറയൂരിലെ ആര്‍ആര്‍ടി ടീമും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് പുറത്തേക്ക് തുരത്തിയോടിച്ചു. തുടര്‍ന്ന് രാത്രി മുഴുവനും ഗ്രാമത്തിന് സമീപം കാട്ടാന നിലയുറപ്പിച്ചു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായി. കഴിഞ്ഞ രണ്ടുമാസമായാണ് പ്രദേശത്ത് രാത്രികാലങ്ങളില്‍ കാട്ടാന എത്തി ഭീതി പരത്തുന്നത്.
ചിന്നാര്‍ വന്യജീവി സാങ്കേതത്തില്‍ നിന്നുമാണ് ചക്കകൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത്. കാട്ടാന ശല്യം നിയന്ത്രിക്കാന്‍ മുമ്പ് പ്രതിരോധ മാര്‍ഗ്ഗമൊരുക്കുന്ന ജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് വീണ്ടും മറയൂര്‍ ടൗണിന് സമീപം കാട്ടാനകള്‍ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.