
അടിമാലി: സാഹിത്യകാരനും പ്രഭാഷകനുമായ സി എസ് റെജികുമാര്‍ നയിക്കുന്ന സ്വാതന്ത്രസമര സന്ദേശയാത്ര പ്രയാണത്തിന് അടിമാലിയില്‍ നിന്നും തുടക്കമായി. സ്വാതന്ത്ര സമരകാല ചരിത്രവും സ്വാതന്ത്രത്തിന്റെ പ്രാധാന്യവും പുതുതലമുറയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രയാണം നടക്കുന്നത്. പതിനാലാമത്തെ വര്‍ഷമാണ് പ്രയാണം തുടരുന്നത്. പത്ത് ദിവസം നീളുന്ന സ്വാതന്ത്രസമര സന്ദേശയാത്ര ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലൂടെ പ്രയാണം നടത്തി ആഗസ്റ്റ് 15ന് ബൈസണ്‍വാലിയില്‍ സമാപിക്കും.
വിവിധ സ്‌കൂള്‍, കോളേജുകളില്‍ പ്രയാണമെത്തും.ചടങ്ങില്‍ റെജികുമാറിന്റെ മാതാവ് ഭവാനിയമ്മ ഭദ്രദീപം തെളിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി മണിയന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. റെജികുമാര്‍ എഴുതിയ നൊസ്റ്റാള്‍ജിയ എന്ന പുസ്തകത്തിന്റെ പ്രകാശനവും കവിയരങ്ങും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
അടിമാലി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ആന്റണി മുനിയറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസ് കോനാട്ട് പുസ്തക പരിചയം നടത്തി, സത്യന്‍ കോനാട്ട്, അഡ്വ. കെ റെയിഞ്ച്, ജേക്കബ്ബ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടിമാലിയിലെ സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക രംഗത്തെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.